Tuesday 27th of June 2017

നവകേരള കര്‍മപദ്ധതിയെ സഹായിക്കാമെന്ന് നീതി ആയോഗ്

Category: Main News Published: Thursday, 15 June 2017
 
തിരുവനന്തപുരം: നവകേരളം കര്‍മപദ്ധതിക്കും ദേശീയ ജലപാത ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പ്രധാന വികസന പദ്ധതികള്‍ക്കും കൂടുതല്‍ കേന്ദ്ര സഹായം ലഭിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി ആയോഗുമായി ചര്‍ച്ച നടത്തി. ധനമന്ത്രി ഡോ. തോമസ് ഐസക്കും വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. നീതി ആയോഗ് അംഗം ഡോ. വി കെ സാരസ്വത്, കേരളത്തിന്റെ ചുമതലയുള്ള അഡൈ്വസര്‍ ഡോ. യോഗേശ്വരി, ഡയറക്ടര്‍ നീരജ് സിംഗാള്‍ എന്നിവരുമായാണ് കേരളം വിശദമായ ചര്‍ച്ച നടത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വീട് എന്നിവയ്ക്ക് ഊല്‍ നല്‍ന്നകി നടപ്പാക്കുന്ന നവകേരള കര്‍മ പദ്ധതിക്ക് സഹായം നല്‍കാന്‍ നീതി ആയോഗിന് താല്‍പ്പര്യമുണ്ടെന്ന് ഡോ. സാരസ്വത് അറിയിച്ചു. 
തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 700 കോടി രൂപ കുടിശ്ശികയുണ്ടെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രദ്ധയില്‍ പെടുത്തി.  ആരോഗ്യ മേഖലയില്‍ ജീവിത ശൈലീജന്യമായ രോഗങ്ങള്‍ തടയുന്നതിനാണ് കേരളം മുന്‍ഗണന നല്‍കുന്നത്. അതോടൊപ്പം പൊതുജനാരോഗ്യ സംവിധാനത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള പരിപാടികളും നടപ്പാക്കുന്നു. ആരോഗ്യ മേഖലയില്‍ വലിയ മുതല്‍മുടക്ക് ആവശ്യമാണ്. ഹരിത കേരളം മിഷനില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ ജലാശയങ്ങള്‍ ശുദ്ധീകരിക്കാനും ജലസമൃദ്ധി വീണ്ടെടുക്കാനുമുള്ള പരിപാടിയാണ് നടപ്പാക്കുന്നത്. ഭവനരഹിതര്‍ക്ക് അഞ്ചു ലക്ഷത്തിലധികം വീടുകള്‍ ലൈഫ് മിഷനില്‍ നിര്‍മിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി  അടുത്ത തലമുറ പ്രശ്‌നങ്ങളാണ് കേരളം ഇപ്പോള്‍ തന്നെ കൈകാര്യം ചെയ്യുന്നത്. അത് മനസ്സിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കണം. 
കോവളം മുതല്‍ കാസര്‍കോട് വരെ ദേശീയ ജലപാത നിര്‍മിക്കാന്‍ കേരളം തീരുമാനിച്ചുകഴിഞ്ഞു. ജലപാത വരുമ്പോള്‍ റോഡുകളില്‍ തിരക്ക് കുറയ്ക്കാന്‍ കഴിയും. അതുവഴി അന്തരീക്ഷ മലിനീകരണവും കുറയും. നിലവിലുള്ള ജലപാതകള്‍ മെച്ചപ്പെടുത്തിയാണ് പുതിയ ജലപാത നിര്‍മിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെും അതിനാല്‍ കേന്ദ്രവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഡോ. സാരസ്വത് അറിയിച്ചു. 
കേന്ദ്രത്തിന്റെ വ്യവസായ ഇടനാഴി പദ്ധതിയില്‍ പെടുത്തി കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് വ്യവസായ ഇടനാഴി നിര്‍മിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇപ്പോള്‍ ചെന്നൈ-ബംഗഌരു ഇടനാഴിയാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്.  
കൊച്ചി റിഫൈനറിയുടെ വികസനം പൂര്‍ത്തിയാകുന്നതു കണക്കിലെടുത്ത് കൊച്ചിയില്‍ പെട്രോ കെമിക്കല്‍ കേംപ്ലക്‌സ് സ്ഥാപിക്കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്.  അതിനും കേന്ദ്രത്തിന്റെ സഹായം വേണം. കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതി നടപ്പാക്കാന്‍ കേരളം തീരുമാനിച്ചത് പ്രധാനമന്ത്രിയുടെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. കൊച്ചിയിലടക്കം മൂന്ന് ഇലക്‌ട്രോണിക് ഹാര്‍ഡ്‌വേര്‍ പാര്‍ക്കുകള്‍ നിര്‍മിക്കാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നുണ്ട്. അതിനും കേന്ദ്രസഹായം ലഭ്യമാക്കണം. 
അടല്‍ ഇന്നവോഷന്‍ മിഷന്റെ പദ്ധതികള്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് നല്‍കുന്നതിനെ മുഖ്യമന്ത്രി എതിര്‍ത്തു. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കല്ല, പൊതു വിദ്യാലയങ്ങള്‍ക്കാണ് സഹായവും പിന്തുണയും നല്‍കേണ്ടത്.  കേരളം വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയത് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അതിനാല്‍ അടല്‍ ഇന്നവോഷന്‍ മിഷന്റെ കാര്യത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ നീതി ആയോഗ് തയാറാവണം. കേരളത്തിന്റെ കാര്യത്തില്‍ മുഖ്യന്ത്രിയുടെ ആവശ്യം പരിഗണിക്കാമെന്ന് ഡോ. സാരസ്വത് അറിയിച്ചു. 
പട്ടിണി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പോഷകാഹാരക്കുറവ് കേരളത്തിലെ കുട്ടികള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. അത് പരിഹരിക്കാനുള്ള പരിപാടികള്‍ക്കും കേന്ദ്ര സഹായം ആവശ്യമാണ്. ചീഫ് സെക്രട്ടറി നളിനി നെറ്റോ, പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ എന്നിവര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ വിശദീകരിച്ചു.
 
Hits: 295