Thursday 29th of June 2017

മൂന്നാറിന്റെ ജലസ്രോതസ്സ്, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കും

Category: Main News Published: Monday, 08 May 2017

 

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനി കയ്യേറാന്‍ തോന്നാത്ത രീതിയിലുള്ള നടപടികളായിരിക്കും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക. മൂന്നാറില്‍ നിലനില്‍ക്കുന്ന ഭൂപ്രശ്‌നം സമഗ്രമായി പരിഹരിക്കുവാന്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും. 
കയ്യേറ്റവും കുടിയേറ്റവും സര്‍ക്കാര്‍ രണ്ടായി കാണുന്നു. മൂന്നാര്‍ ഭൂപ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് വിവിധ മേഖലകളിലുള്ള പ്രമുഖരുമായും നേതാക്കന്മാരുമായും നടത്തിയ യോഗങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായങ്ങള്‍ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പരിസ്ഥിതി പ്രവര്‍ത്തകര്‍, മതമേലധ്യക്ഷസാമുദായിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരുമായി തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ യോഗങ്ങളില്‍ പ്രശ്‌നപരിഹാരത്തിനായി വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. 
കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്നുള്ള സര്‍ക്കാര്‍ നിലപാടിന് എല്ലാ പ്രതിനിധികളും സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തു. 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയവര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കും. ഈ മാസം 21 ന് ഇടുക്കിയില്‍ വച്ച് ആദ്യഘട്ട പട്ടയവിതരണം നടത്തും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി എല്ലാവര്‍ക്കും പട്ടയം നല്‍കും. യുനസ്‌കോ അംഗീകരിച്ച പരിസ്ഥിതിലോല പ്രദേശമായ മൂന്നാറിന്റെ ജലസ്രോതസ്സ്, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. യാതൊരുതരത്തിലുമുള്ള കയ്യേറ്റവും ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. 
വന്‍കിട കയ്യേറ്റക്കാരുടെ ധാര്‍ഷ്ട്യം സമ്മതിച്ചുകൊടുക്കില്ല. വിവിധ തരത്തിലുള്ള കയ്യേറ്റങ്ങള്‍ മൂന്നാറില്‍ നടക്കുന്നുണ്ട്. ഇവയെല്ലാംതന്നെ അവസാനിപ്പിക്കും. സംസ്ഥാനത്തെ തോട്ടങ്ങള്‍ കൂടുതലും ഇടുക്കി ജില്ലയിലാണ്. തോട്ടങ്ങള്‍ക്ക് നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന പ്രവണത കണ്ടുവരുന്നു. ഇത് ഗൗരവമായി കണ്ട് നിയമനടപടികള്‍ സ്വീകരിക്കും. തോട്ടം തൊഴിലാളികളുടെ ഭവനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. വാസയോഗ്യമല്ലാത്ത വീടുകളിലാണ് തൊഴിലാളികള്‍ ഇപ്പോള്‍ താമസിക്കുന്നത്. അവര്‍ക്ക് വീടുനല്‍കുക എന്നത് മുന്‍ഗണനയര്‍ഹിക്കുന്ന കാര്യമാണ്. 
സര്‍ക്കാര്‍ ഭൂമി കയ്യേറി വാണിജ്യാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന പ്രവണതയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യാജപട്ടയ പ്രശ്‌നം, പട്ടയ നമ്പറുകളുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നിവയ്‌ക്കെല്ലാം സത്വര പരിഹാരംകാണും. യോഗങ്ങളില്‍ പങ്കെടുത്ത എല്ലാ പ്രതിനിധികളും സര്‍ക്കാര്‍ നടപടികള്‍ക്ക് പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. മൂന്നാറിലെ ജലമാലിന്യ പ്രശ്‌നം ഗൗരവതരമായി കണ്ട് ഉചിതമായി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
Hits: 705