Thursday 21st of June 2018

കേരള മിഷനുകള്‍ രാജ്യത്തിന് വികസന മാതൃക: ഗവര്‍ണര്‍

Category: Main News Published: Thursday, 27 April 2017
 
തിരുവനന്തപുരം: കേരള മോഡലിന്റെ പുനഃസൃഷ്ടിക്കായി വിശാല കാഴ്ചപ്പാടോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന മിഷനുകള്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേരളം ഒട്ടേറെ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാല്‍, കാലഘട്ടത്തിനനുസൃതമായി ഈ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ പുത്തന്‍മാതൃകകള്‍ ഉയരേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ പുത്തന്‍ മിഷനുകള്‍ സംസ്ഥാനത്തിന്റെ നവനിര്‍മ്മാണത്തിനായി അവതരിപ്പിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, ഭവന രംഗങ്ങളിലെ വികസനം സംസ്ഥാനത്തിന് മാത്രമല്ല, രാഷ്ട്രത്തിന്റെ തന്നെ വളര്‍ച്ചക്ക് സഹായമാകും. മാറ്റം സൃഷ്ടിക്കാനുള്ള പ്രാപ്തി നമ്മള്‍ക്കുണ്ടെന്ന സന്ദേശമാണ് ആദ്യസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത്. 
ആ സന്ദേശം പുതു കേരള മോഡലിന്റെ സൃഷ്ടിക്കായി നമ്മള്‍ ഉള്‍ക്കൊള്ളണം. ഇ.എം.എസ് സര്‍ക്കാരിന്റെ പുരോഗമന നടപടികള്‍ സംസ്ഥാനത്തിന്റെ നിരവധി സാമൂഹികമാറ്റങ്ങള്‍ക്കിടയാക്കി. ആദ്യ മന്ത്രിസഭയില്‍ അംഗമായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ തനിക്ക് നേരിട്ട് പരിചയമുള്ള ഗുരുതുല്യനായ നിയമവിദഗ്ധനായിരുന്നുവെന്നും ഗവര്‍ണര്‍ അനുസ്മരിച്ചു. നിയമസംബന്ധമായ നിരവധി വിഷയങ്ങളില്‍ ജസ്റ്റിസ് കൃഷ്ണയ്യരുടെ മുന്‍കാല വിധികള്‍ താന്‍ പാഠമാക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 96 വയസിന്റെ ചെറുപ്പത്തോടെ ആദ്യമന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്‍. ഗൗരിയമ്മ ഇപ്പോഴും പൊതുരംഗത്ത് സജീവമായി തുടരുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. 
വിവിധ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്നനിലയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനായി ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുന്നതായി അദ്ദേഹം പറഞ്ഞു. കേരളീയരുടെ സേവനമില്ലാത്ത ഒരു മുക്കുംമൂലയും ലോകത്തില്‍ ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചുരുങ്ങിയ കാലത്തില്‍ അധികാരത്തിലിരുന്ന ആദ്യ സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏതു നാടിനും ഏതു മന്ത്രിസഭയ്ക്കും മാതൃകയാണെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 
നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസവും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആധുനിക കേരളത്തിന് യഥാര്‍ഥത്തിലുള്ള അടിത്തറയിട്ടത് ആദ്യ സര്‍ക്കാരായിരുന്നു. വലിയതോതില്‍ ജനപിന്തുണയുണ്ടാക്കുന്നതും ചരിത്രത്തില്‍ നല്ലരീതിയില്‍ അടയാളപ്പെടുത്തിയതുമായ തീരുമാനങ്ങളായിരുന്നു ഇ.എം.എസ് സര്‍ക്കാരിന്‍േറത്. സമഭാവനയുടെ അന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ ആ സര്‍ക്കാര്‍ നിര്‍ണായക പങ്ക് വഹിച്ചു. 
രണ്ടുവര്‍ഷത്തിനിടെ പ്രകടനപത്രികയില്‍ പറഞ്ഞ 98ല്‍ 72 കാര്യങ്ങളും നടപ്പാക്കാനായത് ഇ.എം.എസ് സര്‍ക്കാരിന്റെ ചടുലതയുടെ ഉദാഹരണമാണ്. ഇത്തരം നല്ലകാര്യങ്ങളാണ് നടപ്പാക്കിയതെങ്കിലും ആ സര്‍ക്കാരിനെതിരായി നിക്ഷിപ്ത താത്പര്യക്കാര്‍ രംഗത്ത് വന്നു. അധികാരദുരയും സാമുദായിക രാഷ്ട്രീയവും ഫ്യൂഡല്‍ ജന്‍മി മാടമ്പിത്തരവും ഒത്തുചേര്‍ന്നാണ് ആദ്യസര്‍ക്കാരിനെ അട്ടിമറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യസര്‍ക്കാരാണ് എല്ലാ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ആദ്യസര്‍ക്കാരിന്റെ വജ്രജൂബിലിയുടെ മുദ്രാഗാനം രചിച്ച കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കവി പ്രഭാവര്‍മ്മ, സംഗീതം പകര്‍ന്ന രമേശ് നാരായണന്‍, ലോഗോ രൂപകല്‍പന ചെയ്ത പി.കെ. മോഹന്‍ദാസ് എന്നിവരെ ഉപഹാരം നല്‍കി ഗവര്‍ണര്‍ ആദരിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. എ.സമ്പത്ത് എം.പി എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ സ്വാഗതവും സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. 
മന്ത്രിമാരായ എ.കെ. ബാലന്‍, എം.എം. മണി, ജെ. മെഴ്സിക്കുട്ടി അമ്മ, കെ. രാജു, ടി.പി. രാമകൃഷ്ണന്‍, കെ.കെ. ശൈലജ ടീച്ചര്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, ഡോ. കെ.ടി. ജലീല്‍, മേയര്‍ വി.കെ. പ്രശാന്ത്, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും സംബന്ധിച്ചു. ചടങ്ങിനെത്തുടര്‍ന്ന് ഗായകന്‍ ഹരിഹരന്‍ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറി. 
 
Hits: 718