Sunday 19th of November 2017

സര്‍വീസ് കാലം ജനസേവനത്തിനു വിനിയോഗിക്കണം: മുഖ്യമന്ത്രി

Category: Main News Published: Wednesday, 29 March 2017

*ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനും 
അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസിനും യാത്രയയപ്പ് നല്‍കി 

തിരുവനന്തപുരം: സിവില്‍ സര്‍വീസ് ദന്തഗോപുര സംവിധാനമാണെന്നു കരുതി ഒറ്റപ്പെട്ടു കഴിയുന്ന നിലയല്ല, സര്‍വീസ് കാലം ജനസേവനത്തിനു വിനിയോഗിക്കണം എന്നു കരുതി പ്രവര്‍ത്തിക്കുകയാണ് ആവശ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദും പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെകട്ടറി ഷീല തോമസും അത്തരത്തില്‍ സമര്‍പ്പിത സേവനത്തിലൂടെ എല്ലാവരുടേയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

കേരള ജനതയുടെ സ്‌നേഹാദരവുകളുടെ മാധുര്യമാണ് ഈ യാത്രയപ്പിനുള്ളത്. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പൊതുധാരണയ്ക്ക് വിരുദ്ധമായി ജനകീയ പ്രശ്‌നങ്ങളില്‍ ഏതൊരു പൊതുപ്രവര്‍ത്തകനുമൊപ്പം, ചിലപ്പോള്‍ അതിലും മേലെയും കരുതല്‍ പുലര്‍ത്താനും ഇടപെടല്‍ നടത്താനും ഇരുവര്‍ക്കും കഴിഞ്ഞു.

ശുദ്ധവും പ്രവര്‍ത്തനമികവാര്‍ന്നതുമായ ഒരു സേവനഘട്ടമാണ് ഇരുവര്‍ക്കുമുള്ളത്. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും നടപ്പാക്കുന്നതിലും കുടുംബശ്രീക്ക് ജനശ്രദ്ധ നേടിക്കൊടുക്കുന്നതിലും എസ്.എം. വിജയാനന്ദ് വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, മാത്യു ടി.തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി.എം.തോമസ് ഐസക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ഷീലാ തോമസ് എന്നിവര്‍ മറുപടി പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജീത് രാജന്‍ സ്വാഗതം പറഞ്ഞു.

Hits: 1019