Thursday 24th of May 2018

ദേശീയ നാടകോത്സവം മാര്‍ച്ച് പതിനാറ് മുതല്‍

Category: Main News Published: Wednesday, 15 March 2017
 
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം മാര്‍ച്ച് 16ന് തുടങ്ങൂം. വൈകിട്ട് ഏഴിന് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. ശശി തരൂര്‍ എം.പി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ എസ്.കെ.പി. അശോക്, കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി. ലളിത തുടങ്ങിയവര്‍ സംസാരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് സ്വാഗതവും പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ. അമ്പാടി നന്ദിയും പറയും. തുടര്‍ന്ന് ഉദ്ഘാടന നാടകമായ 'ഖസാക്കിന്റെ ഇതിഹാസം' അരങ്ങിലെത്തും. തുടര്‍ച്ചയായി മൂന്നു ദിവസം ഖസാക്കിന്റെ ഇതിഹാസം ഇതേ വേദിയില്‍ അവതരിപ്പിക്കപ്പെടും. രാജ്യത്തെ പ്രശസ്തമായ തിയേറ്റര്‍ ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന 17 നാടകങ്ങള്‍ നാടകോത്സവത്തില്‍ ഉണ്ടാവും. വൈകിട്ട് ആറിനും എട്ടിനുമായി ദിവസവും രണ്ട് നാടകങ്ങള്‍ ടാഗോര്‍ തിയേറ്ററിലെ മുഖ്യവേദിയിലെത്തും. കേരളപ്പിറവിയുടെ 60 ാം വാര്‍ഷികം പ്രമാണിച്ച് കൂടുതല്‍ മലയാള നാടകങ്ങള്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാഗോര്‍ തിയേറ്റര്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന പ്രത്യേക വേദിയില്‍ പ്രഭാഷണം, നാടന്‍ പാട്ടുകള്‍, നാടക ഗാനങ്ങള്‍ എന്നിവയും അരങ്ങേറും. 17 മുതല്‍ 21 വരെ വൈകിട്ട് മൂന്നിനാണ് പ്രഭാഷണങ്ങള്‍ ആരംഭിക്കുന്നത്. ഉമ്മര്‍ തറമേല്‍, സി.എസ്. ചന്ദ്രിക, ടി.എം. എബ്രഹാം, ഇ.പി. രാജഗോപാലന്‍, അലിയാര്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷകരായെത്തും. വൈകിട്ട് 4.30 മുതല്‍ നാടന്‍ പാട്ടുകള്‍. 21 മുതല്‍ 23 വരെ ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ നാടക ഗാനങ്ങളായിരിക്കും ഈ വേദിയില്‍ അവതരിപ്പിക്കപ്പെടുക. ഇതോടൊപ്പം നാടക ചരിത്രം വിശദീകരിക്കുന്ന പ്രദര്‍ശനവും ടാഗോര്‍ തിയേറ്റര്‍ വളപ്പില്‍ ഒരുക്കിയിട്ടുണ്ട്. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കാണ് ഇപ്രാവശ്യത്തെ നാടകോത്സവം സമര്‍പ്പിച്ചിരിക്കുന്നത്. ടാഗോര്‍ തിയേറ്ററായിരിക്കും മുഖ്യവേദി. നാടകങ്ങളും സംവിധായകരും നാടകസംഘങ്ങളും എന്ന ക്രമത്തില്‍: മാര്‍ച്ച് 17-മഹാഭാരത (സംവി.അനുരൂപ റോയ്, കഥ്കഥ പപ്പറ്റ് ആര്‍ട്സ് ട്രസ്റ്റ്, ന്യൂഡല്‍ഹി), 12 മെഷീന്‍സ്(കണ്ണനുണ്ണി എ, ബാക്ക്സ്റ്റേജ് തിയേറ്റര്‍ ട്രൂപ്പ്, തിരുവനന്തപുരം), മാര്‍ച്ച് 18-മധ്യമവ്യായോഗം (കാവാലം നാരായണപ്പണിക്കര്‍, സോപാനം), ടിച്യ ഐചി ഗോഷ്ട അര്‍ഥത് മാസ്യ അതവാനിഞ്ച ഫാഡ് (രാജശ്രീ സാവന്ത് വാഡ, നാന്ദി പ്രൊഡക്ഷന്‍സ് മഹാരാഷ്ട്ര), മാര്‍ച്ച് 19-ഔട്ട്കാസ്റ്റ് (രണ്‍ധീര്‍ കുമാര്‍, രാഗ് ബീഹാര്‍), എന്തിന് എന്തിന് ഒരു പെണ്‍കുട്ടി (അലിയാര്‍ കെ, അത്ലറ്റ് കായിക നാടകവേദി, പാലക്കാട് ), മാര്‍ച്ച് 20-പെബറ്റ് (കന്‍ഹയ് ലാല്‍, കലാക്ഷേത്ര, മണിപ്പൂര്‍), ചരിത്രപുസ്തകത്തിലേക്ക് ഒരേട് (ജോസ് കോശി, ഇന്‍വിസിബിള്‍ ലൈറ്റിംഗ് സൊല്യൂഷന്‍സ്, തൃശ്ശൂര്‍), മാര്‍ച്ച് 21-സന്താപ് (സന്ദീപ് ഭട്ടാചാര്യ, രംഗാശ്രം, പശ്ചിമ ബംഗാള്‍), മിരുഗവിദൂഷഗം (എസ്.മുരുഗബൂപതി ബൂബാലന്‍, മണല്‍മകുടി ഡ്രാമ ട്രൂപ്പ്, ചെന്നൈ), മാര്‍ച്ച് 22-സ്വപ്ന വാസവദത്ത (പ്രശാന്ത് നാരായണന്‍, രംഗയാന ധാര്‍വാഡ് റെപ്പര്‍ട്ടറി, കര്‍ണാടക), ടു കില്‍ ഓര്‍ നോട്ട് ടു കില്‍ (ഒവ്ല്യാകുലി ഖോഡ്ജാകുലി, അര്‍ണവ് ആര്‍ട്സ് ട്രസ്റ്റ്, ന്യൂഡല്‍ഹി), മാര്‍ച്ച് 23-ഏകാന്തം (ശ്രീജിത് രമണന്‍, പ്രകാശ് കലാകേന്ദ്രം, കൊല്ലം), ഭാരത് മാതാ കി ജയ് (ലോകേഷ് ജെയിന്‍, മണ്ഡല, ന്യൂഡല്‍ഹി), മാര്‍ച്ച് 24-കാളി (ചന്ദ്രദാസന്‍, ലോകധര്‍മി, എറണാകുളം), ചില്ലറ സമരം (അരുണ്‍ലാല്‍, ലിറ്റില്‍ എര്‍ത്ത് തിയേറ്റര്‍, പൊന്നാനി). നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡോ.അഭിലാഷ് പിള്ളയാണ് നാടകോത്സവത്തിന്റെ ക്യുറേറ്റര്‍. 
 
Hits: 1047