Tuesday 27th of June 2017

തിരികെ എത്തിയ പ്രവാസികള്‍ക്കുള്ള പദ്ധതികള്‍ വിപുലീകരിക്കും

Category: Main News Published: Monday, 13 March 2017
 
തിരുവനന്തപുരം: തിരികെ എത്തിയ പ്രവാസികള്‍ക്കുള്ള നോര്‍ക്ക വകുപ്പിന്റെ പദ്ധതി വിപുലമായും സമഗ്രമായും കൂടുതല്‍ ബാങ്കുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുന:സംഘടിപ്പിക്കപ്പെട്ട നോര്‍ക്കറൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
ഇതിനായി പ്രത്യേക ഉപദേശക സമിതിയെ നിശ്ചയിക്കും. നൂതന സംരംഭങ്ങള്‍ക്കുള്ള പരിശീലനം വിപുലപ്പെടുത്താനും 15 ശതമാനം നിക്ഷേപ സബ്‌സിഡിയോടെ വ്യക്തിഗത/ഗ്രൂപ്പ് പദ്ധതികളിലായി കൂടുതല്‍ പേര്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. നോര്‍ക്കറൂട്ട്‌സിന്റെ കാരുണ്യ പദ്ധതി, പ്രീഡിപ്പാര്‍ച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം, തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടി എന്നിവ വിപുലമാക്കും.
വിസ തട്ടിപ്പ്, വ്യാജ റിക്രൂട്ട്‌മെന്റ് എന്നിവയ്‌ക്കെതിരെ ശക്തമായ ബോധവത്ക്കരണം നടത്താനും തീരുമാനിച്ചു. എം.എ. യൂസഫലി, രവി പിള്ള, സി.കെ മേനോന്‍, ഒ.വി. മുസ്തഫ, റപ്പായി, കെ. വരദരാജന്‍, നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ്, എന്നിവര്‍ സംബന്ധിച്ചു. 
 
Hits: 391