Sunday 19th of November 2017

രോഗീസൗഹൃദ ആശുപത്രികള്‍ യാഥാര്‍ഥ്യത്തിലേക്ക്

Category: Main News Published: Wednesday, 15 February 2017
 
തിരുവനന്തപുരം: ആരോഗ്യരംഗത്തെ എല്ലാതലങ്ങളും രോഗീസൗഹൃദമാക്കുന്നതും ഗുണമേന്‍മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതുമായ 'ആര്‍ദ്രം' മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. മിഷന്റെ ഭാഗമായി ആശുപത്രികളില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്‍മയുള്ളതും സൗഹാര്‍ദ്ദപരവുമായ സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ജില്ലാ താലൂക്ക് ആശുപത്രികളില്‍ സ്പെഷ്യാലിറ്റി/സൂപ്പര്‍സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തും. ഒ.പി വിഭാഗത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി ആധുനികവത്കരിച്ച രജിസ്ട്രേഷന്‍, ടോക്കണ്‍ സംവിധാനങ്ങള്‍, രോഗികളുടെ സ്വകാര്യത ഉറപ്പാക്കുന്ന കണ്‍സള്‍ട്ടേഷന്‍ മുറികള്‍ എന്നിവ ഒരുക്കും. അത്യാഹിതവിഭാഗം, ഐ.പി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പ്രസവമുറി, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയിലെ സൗകര്യങ്ങള്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കും. 
കൂടാതെ, വ്യത്യസ്ത സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജില്ല, താലൂക്ക്, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുതല ആരോഗ്യസ്ഥാപനങ്ങളില്‍ നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചികില്‍സാ സൗകര്യങ്ങള്‍ പുനക്രമീകരിക്കും. ആശുപത്രിയുടെ ഗുണമേന്‍മ വര്‍ധിപ്പിക്കാന്‍ പ്രധാനപ്പെട്ട രോഗങ്ങള്‍ക്ക് ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ തയാറാക്കാനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ സംവിധാനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും. ആരോഗ്യമേഖലയിലെ നൂതനമായ ചികില്‍സാരീതികളും ആശയങ്ങളും സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലന പരിപാടികള്‍ സാര്‍വത്രികമാക്കാനും ലക്ഷ്യമിടുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉയര്‍ന്നതോതിലുള്ള പങ്കാളിത്തവും മിഷന്‍ ഉറപ്പാക്കും. 
മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സി.ഇ.ഒ ആയ സമിതി സംസ്ഥാനതലത്തില്‍ 'ആര്‍ദ്രം' മിഷന്റെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ഡി.എം.ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയുടേതാണ് ജില്ലാതല മേല്‍നോട്ടം. ആര്‍ദ്രം മിഷന്റെ ഉദ്ഘാടനദിവസമായ 16ന് എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ആരോഗ്യസഭ ചേരും. മിഷന്റെ ജില്ലാതല ഉദ്ഘാടനങ്ങള്‍ ഫെബ്രുവരി 20ന് നടക്കും.
 
 
 
Hits: 417