Tuesday 23rd of January 2018

സേവനമേഖലയിലും ആധിപത്യമുറപ്പിക്കാന്‍ കുടുംബശ്രീ

Category: Main News Published: Friday, 10 February 2017
 

തിരുവനന്തപുരം: സ്ത്രീകളുടെ സ്വയംപര്യാപ്ത സംഘങ്ങളുടെ സംഘാടകര്‍ എന്നതിലുപരി, സേവന മേഖലയില്‍ക്കൂടി കുടുംബശ്രീ ആധിപത്യമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. അന്യ സംസ്ഥാനങ്ങളും ആഫ്രിക്ക പോലുള്ള രാജ്യങ്ങളും സമാന സംരംഭങ്ങള്‍ ഉണ്ടാക്കുന്നതിന് ആശ്രയിക്കുന്നത് കുടുംബശ്രീയെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുടുംബശ്രീയുടെ 18 വര്‍ഷത്തെ ചരിത്രവും പ്രവര്‍ത്തനങ്ങളും വിജയാനുഭവങ്ങളും പകര്‍ത്തിയ ദി കുടുംബശ്രീ സ്റ്റോറി എന്ന വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം ഐഎംജിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല്‍പത് ലക്ഷത്തിലേറെപ്പേര്‍ അംഗത്വമുള്ള സ്ഥാപനമായി കുടുംബശ്രീ മാറിക്കഴിഞ്ഞു. കുടുംബ ബന്ധങ്ങളില്‍ ഏറിവരുന്ന ശൈഥില്യങ്ങള്‍ കണക്കിലെടുത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ കൗണ്‍സലിംഗ് സെന്ററുകള്‍ സംസ്ഥാനത്തൊട്ടാകെ ആരംഭിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് അടുത്തമാസം നടക്കും. ഭിന്നശേഷിക്കാര്‍ക്കായുള്ള അയല്‍ക്കൂട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ കുടുംബശ്രീ നടപടികളാരംഭിച്ചു. പ്രവാസികളുടെ അയല്‍ക്കൂട്ടങ്ങള്‍ ഉടന്‍ ആരംഭിക്കും. വിദ്യാസമ്പന്നരായ പെണ്‍കുട്ടികളുടെ അയല്‍ക്കൂട്ടങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കുടുംബശ്രീ എത്രയും വേഗം നടപടി സ്വീകരിക്കണം.സ്ത്രീകളുടെ സര്‍ഗാത്മക സിദ്ധികള്‍ പ്രയോജനപ്പെടുത്താന്‍ ഒരു പബ്ലിക്കേഷന്‍ വിഭാഗം ആരംഭിക്കാന്‍ നടപടിയെടുക്കണമെന്നും എല്ലാ തലത്തിലുള്ളവരുടെയും പരിപോഷണമാണ് കുടുംബശ്രീ ലക്ഷ്യമിടേണ്ടതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ വിജയകഥകള്‍ പറഞ്ഞുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കുടുംബശ്രീയുടെ കഥ എന്ന വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.പോര്‍ട്ടലിന്റെ മലയാളം പതിപ്പ് മാര്‍ച്ചില്‍ തയ്യാറാകും. ഇരുനൂറു പേജുള്ള ഈ പോര്‍ട്ടല്‍ ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകമാക്കി കുടുംബശ്രീ തന്നെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ മനു സ്വാഗതവും ഡയറക്ടര്‍ എന്‍.കെ. ജയ നന്ദിയും പറഞ്ഞു.

Hits: 346