Saturday 24th of August 2019

പ്രളയം: ജൂണ്‍ 30 വരെ ലഭിച്ചത് 48061 അപ്പീല്‍ അപേക്ഷകള്‍

Category: Kottayam Published: Wednesday, 17 July 2019

കോട്ടയം:  പ്രളയാനന്തര ധനസഹായത്തിനായി ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30വരെ കോട്ടയം ജില്ലയില്‍ ലഭിച്ചത് 48061 അപ്പീല്‍ അപേക്ഷകള്‍. കളക്ട്രേറ്റിലെ പൊതുജന പരാതി പരിഹാര സെല്ലില്‍ സ്വീകരിച്ച അപേക്ഷകള്‍ പരിശോധിച്ച് വിവരങ്ങള്‍ കമ്പ്യൂട്ടറിലാക്കുന്ന ജോലി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

ഏറ്റവുമധികം അപേക്ഷകള്‍ ലഭിച്ചത് വൈക്കം താലൂക്കില്‍ നിന്നാണ്-24268 എണ്ണം. കോട്ടയം-20473, ചങ്ങനാശേരി-3195, മീനച്ചില്‍-81, കാഞ്ഞിരപ്പള്ളി-44 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍നിന്നും ലഭിച്ച അപേക്ഷകളുടെ എണ്ണം.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ മുഖേന റേഷന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മുന്‍പ് സഹായം ലഭിച്ച നിരവധി പേര്‍ അപേക്ഷ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരേ കുടുംബങ്ങളില്‍നിന്നുതന്നെ ഒന്നിലധികം അപേക്ഷകരും പട്ടികയിലുണ്ട്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ മഹാപ്രളയയത്തെ തുടര്‍ന്ന് ജില്ലയില്‍ 503 ദുരിതാശ്വാസ ക്യാമ്പുകളിലായി 47988 കുടുംബങ്ങളിലെ 159130 പേരെ മാറ്റി പാര്‍പ്പിച്ചിരുന്നു. രണ്ടു ദിവസത്തില്‍ കൂടുതല്‍ വീടുകളില്‍ വെള്ളം കയറിക്കിടന്ന 73401 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം അനുവദിച്ചു.  ഇതില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍, എന്‍.ആര്‍.ഇ.ജി.എ ജോബ് കാര്‍ഡ് ഉള്ളവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, അഗതികള്‍, സ്ത്രീ കേന്ദ്രീകൃത കുടുംബങ്ങള്‍,  വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങഒക്തക്കറ മൂന്നു മാസത്തേക്ക് 1,50,526 ഉപജീവന കിറ്റ് നല്‍കി.

പ്രളയത്തില്‍ മരിച്ച 23 പേരില്‍ 22 പേരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കി. ഒരാളുടെ അവകാശിയെ കണ്ടെത്താനായില്ല.  ജില്ലയില്‍ ആകെ 481 വീടുകളാണ് പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നത്.  ഈ കുടുംബങ്ങള്‍ക്ക് വീടുവയ്ക്കുന്നതിന് തവണകളായി പണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. 

ഈ വര്‍ഷം ജനുവരി 31 വരെ ലഭിച്ച 13568 അപ്പീലുകളിലും ഫെബ്രുവരി മുതല്‍ മാര്‍ച്ച് 31 വരെ ലഭിച്ച 2123 അപ്പീലുകള്‍ പരിശോധിച്ച് ധനസഹായ വിതരണത്തിന് നടപടി സ്വീകരിച്ചു. പുതിയതായി ലഭിച്ച അപക്ഷേകളിലും സമയബന്ധിതമായി തുടര്‍നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അിറയിച്ചു.

 

 

പ്രളയം: ജൂണ്‍ 30 വരെ ലഭിച്ചത് 48061 അപ്പീല്‍ അപേക്ഷകള്‍