Saturday 24th of August 2019

സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യങ്ങള്‍; നിരീക്ഷണം ഊര്‍ജ്ജിതമാക്കും

Category: Kottayam Published: Tuesday, 09 April 2019
 
 
കോട്ടയം:  ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന പ്രചാരണ പരസ്യങ്ങള്‍ കണ്ടെത്തുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി തീരുമാനിച്ചു.
 
സാമൂഹ്യ മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ ഇവയിലെ പരസ്യങ്ങള്‍ക്കും എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുശാസിക്കുന്നത് കണക്കിലെടുത്താണ് നിരീക്ഷണം കൂടുതല്‍ വിപുലീകരിക്കാന്‍ കമ്മിറ്റി ചെയര്‍മാനും ജില്ലാ വരണാധികാരിയുമായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. 
 
കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി നിരീക്ഷണ സെല്ലിന്റെ പരിശോധനയില്‍ മാധ്യമങ്ങളിലെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ കണ്ടെത്തിയാല്‍ ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. കമ്മിറ്റി പരിഗണിച്ച മൂന്ന് പരസ്യങ്ങള്‍ തുടര്‍നടപടികള്‍ക്കായി എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് കമ്മിറ്റിക്ക് കൈമാറും.
 
കേബിള്‍ ചാനലുകള്‍, സാമൂഹ്യമാധ്യമങ്ങള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുളള 32 പരസ്യ വീഡിയോകള്‍ക്ക്  കമ്മിറ്റി ഇതുവരെ അംഗീകാരം നല്‍കി. സമിതി അംഗങ്ങളായ സബ് കളക്ടര്‍ ഈഷ പ്രിയ, ഫീല്‍ഡ് ഔട്ട റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ സുധാ നമ്പൂതിരി,  മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് ജേക്കബ്, അസി. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ മാത്യു.കെ.എബ്രഹാം, മെംബര്‍ സെക്രട്ടറി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് പങ്കെടുത്തു.