Saturday 23rd of March 2019

പ്ലാസ്റ്റിക്ക് സംസ്‌ക്കരണത്തിന് ഷ്രെഡിംഗ് യൂണിറ്റൊരുക്കി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്

Category: Kottayam Published: Friday, 11 January 2019
കോട്ടയം: പാമ്പാടി ബ്ലോക്കിന് കീഴിലുളള ഗ്രാമ പഞ്ചായത്തുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പ്രകൃതിക്ക് ദോഷകരമാകാതെ സംസ്‌ക്കരിക്കാനായി പ്ലാസ്റ്റിക്ക്  ഷ്രെഡിങ്ങ് യൂണിറ്റ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലാണ് ഷ്രെഡിംഗ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ആദ്യ പടിയായാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നും വൃത്തിയാക്കി ശേഖരിക്കുന്ന പ്ലാസ്റ്റിക്ക്  ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ പ്ലാസ്റ്റിക്ക് സംഭരണ യൂണിറ്റില്‍ ശേഖരിക്കാനും ഷ്രെഡ് ചെയ്ത് പുനചംക്രമണം നടത്താനുമാണ് ഈ യൂണിറ്റിലൂടെ  പ്രധാനമായും ലക്ഷ്യമിടുന്നത്.
 
പഞ്ചായത്തുകളിലെ   ഹരിത കര്‍മ്മ സേനകള്‍ വഴിയാണ്  പ്ലാസ്റ്റിക്ക് ശേഖരിക്കുന്നത്.വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് ആദ്യ ഘട്ടത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്നവയെ ഷ്രെഡിങ്ങ് യൂണിറ്റ് വഴി പൊടിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പുന:ചംക്രമണം നടത്തുന്ന പ്ലാസ്റ്റിക്ക്, റോഡ് ടാറിങ്ങിനും പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിര്‍മ്മാണത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
 
ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18, 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്ലാസ്റ്റിക്ക് ഷ്രെഡിങ്ങ് യൂണിറ്റ് , സംഭരണ കേന്ദ്രം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള 20 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 34.5 ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. പുതുതായി ആരംഭിച്ച ഷ്രെഡിങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനം ഉമ്മന്‍ ചാണ്ടി എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്തുകളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എത്തുന്ന മുറയ്ക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം വിപുലമാകുമെന്ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിബി.സി. മാത്യൂസ് പറഞ്ഞു.