Saturday 19th of January 2019

ഓട്ടോറിക്ഷക്കൂലി അമിതമാക്കിയാല്‍ കര്‍ശന നടപടി

Category: Kottayam Published: Friday, 11 January 2019
കോട്ടയം : സര്‍ക്കാര്‍ അംഗീകൃത നിരക്കിനേക്കാള്‍ കൂടുതല്‍ ചാര്‍ജ്ജ്  യാത്രക്കാരില്‍ നിന്നും ഈടാക്കുകയോ യാത്ര പോകാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു പോലീസിനും ആര്‍ടിഒയ്ക്കും നിര്‍ദ്ദേശം നല്‍കി. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷാ സര്‍വ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ്ജ്  ഈടാക്കുന്നതായി  പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. കുറഞ്ഞ ദൂരത്തില്‍ സഞ്ചരിക്കുന്നതിന് ഡ്രൈവര്‍മാര്‍ വിസമ്മതിക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ക്ക് നേരിട്ട് പരാതി നല്‍കാം. 138, 182 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലും പരാതികള്‍ അറിയിക്കാവുന്നതാണ്. ആര്‍ടിഒ ഓഫീസിലും യാത്രക്കാര്‍ക്ക് പരാതികള്‍  നല്‍കാവുന്നതാണ്. യോഗത്തില്‍ എഡിഎം അലക്‌സ് ജോസഫ്. ഡിവൈഎസ്പി വിനോദ് പിള്ള, ആര്‍ടിഒ ബാബു ജോണ്‍, റയില്‍വേ അധികൃതര്‍  എന്നിവര്‍ പങ്കെടുത്തു.