Saturday 19th of January 2019

കോട്ടയത്ത് വെബ് വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം

Category: Kottayam Published: Monday, 07 January 2019
ജനുവരി 31നകം ബ്ലോക്ക് പഞ്ചായത്തുകള്‍ ഐഎസ്ഒ നിലവാരത്തിലാകും  
 
കോട്ടയം :  ജില്ലയിലെ എല്ലാ ബ്ലോക്കു പഞ്ചായത്തുകളും ജനുവരി 31നകം ഐഎസ്ഒ നിലവാരം കരസ്ഥമാക്കും. ഇത് സംബന്ധിച്ച നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് വെബ് വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനത്തിലൂടെ  ജില്ലാ കളക്ടര്‍ പി. കെ സൂധീര്‍ ബാബു ബിഡിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച വെബ് വീഡിയോ കോണ്‍ഫറന്‍സിംങ്ങ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ബിഡിഒമാരുമായി ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
 
 ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നടപടികളുടെ പുരോഗതി പുതിയ സംവിധാനത്തിലൂടെ അദ്ദേഹം വിലയിരുത്തി. നേരിട്ട് ആശയവിനിമയം നടത്തുന്നതിനുളള സംവിധാനം നിലവില്‍ വന്ന സാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങളുടെ വേഗതയും കാര്യക്ഷമതയും കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ടി.ഡി. മോഹന്‍ ദാസുമായും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിച്ചു. എഡിസി (ജനറല്‍) പി.എസ് ഷിനോ, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.