Sunday 18th of November 2018

കാര്‍ഷിക കേരളത്തെ ജനകീയമായി വീണ്ടെടുക്കും

Category: Kottayam Published: Wednesday, 07 November 2018
കാര്‍ഷിക പുനര്‍ജ്ജനിയ്ക്ക് ജില്ലയില്‍ തുടക്കമായി
 
കോട്ടയം :  പ്രളയത്തില്‍ അതിഭീകര നാശ നഷ്ടങ്ങളുണ്ടായ കാര്‍ഷിക മേഖലയെ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ വീണ്ടെടുക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി  അഡ്വ.വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷി സജീവമാക്കുന്നതിന് കൃഷി വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന 'പുനര്‍ജ്ജനി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൈക്കം മറവന്‍തുരുത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കിയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. തൊഴിലുറപ്പ് പദ്ധതി ഇതിനായി ഉപയോഗപ്പെടുത്താനും തൊഴില്‍ ദിനങ്ങള്‍ 150 ആക്കി ഉയര്‍ത്താനും കേന്ദ്ര  സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന്  അദ്ദേഹം പറഞ്ഞു. നടീല്‍ വസ്തുക്കള്‍, വളം എന്നിവയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനു പുറമേ കാര്‍ഷിക കര്‍മ്മ സേന, കുടുംബശ്രീ എന്നിവയുടെ പ്രവര്‍ത്തനവും കാര്‍ഷിക മേഖലയില്‍ വ്യാപകമാക്കും.ഇതിനുള്ള നിരവധി പദ്ധതികള്‍ പുതിയ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും കൃഷി വകുപ്പിന്റെയും പദ്ധതികള്‍ സമന്വയിപ്പിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
സമീപത്തെ 11 പ്ലോട്ടുകളില്‍  തെങ്ങിന്‍ തൈ ,പ്ലാവ്, വാഴ, തീറ്റപ്പുല്‍, രാമച്ചം എന്നിവ നടുന്നതിനും മന്ത്രി നേതൃത്വം നല്‍കി .വാക്കയില്‍ ക്ഷേത്ര മൈതാനത്ത് നടന്ന ചടങ്ങില്‍ സി.കെ.ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  കൃഷിവകുപ്പ് ഡയറക്ടര്‍ പി.കെ. ജയശ്രീ കാര്‍ഷിക പുനരുജ്ജീവന സന്ദേശം നല്‍കി. മറവന്‍ തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ പച്ചക്കറി തൈ,വാഴവിത്ത്, ഗ്രോ ബാഗ് വിതരണ പദ്ധതി ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, വൈക്കം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍ 'ആത്മ' പ്രോജക്ട് ഡയറക്ടര്‍ റോസ്‌ലി സെബാസ്റ്റ്യന്‍, ഗ്രാമ  ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്‍, അംഗങ്ങള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി വേണുക്കുട്ടന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ റജിമോള്‍ മാത്യു നന്ദിയും പറഞ്ഞു. പ്രളയാനന്തരം അനുവര്‍ത്തിക്കേണ്ട കാര്‍ഷിക മുറകള്‍ സംബന്ധിച്ച് കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി ക്ലാസ്സെടുത്തു.