Saturday 20th of October 2018

'എന്റെ മണിമലയാര്‍; പുഴ പഠനം' കര്‍മ്മ പദ്ധതി തയ്യാറാകുന്നു

Category: Kottayam Published: Wednesday, 10 October 2018
കോട്ടയം: എന്റെ മണിമലയാര്‍; പുഴ പഠനത്തിന് ജനപങ്കാളിത്തത്തോടെ കര്‍മ്മ പദ്ധതി തയ്യാറാകുന്നു. മണിമല ടൗണിലെ ബ്രിട്ടീഷ് പാലത്തിനടിയിലും (പഴയ പാലം) പരിസരത്തും കൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്തുകൊണ്ട് ഒക്‌ടോബര്‍ 20 നാണ് പദ്ധതി ആരംഭിക്കുന്നത്. കുടുംബശ്രീ,തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം പ്രദേശത്തെ വ്യാപാരിവ്യവസായികളെയും സന്നദ്ധ സംഘടനകളെയും പങ്കാളികളാക്കും. മണിമലയാറ്റിലേയ്ക്കുള്ള  കൈത്തോടുകള്‍ വൃത്തിയാക്കുന്ന  പ്രവര്‍ത്തനവും ആരംഭിക്കും. മാലിന്യ സംസ്‌കരണം എന്നതിനപ്പുറം പുഴ ഒരു ആവാസ വ്യവസ്ഥ എന്ന ആശയത്തിലൂന്നിയാണ്  പ്രവര്‍ത്തനങ്ങള്‍. പുഴയുടെ ഉത്ഭവം മുതല്‍ പുഴയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിക്കുക. കൈത്തോടുകളിലേയ്ക്ക് തുറക്കുന്ന മാലിന്യക്കുഴലുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്ത് പരിഹാരം കാണാനാണ്  ശ്രമം. മാലിന്യനിക്ഷേപം തടയാനുള്ള സംവിധാനമുണ്ടാക്കും.  സംസ്ഥാന ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ നാലു ജില്ലകളെയും ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. 
ഇടുക്കി, കോട്ടയം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന വലിയന്ത നീര്‍ത്തടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന മണിമലയാര്‍ കോട്ടയം പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ  പുളിങ്കുന്ന് വഴി പുന്നമടക്കായലില്‍ പതിക്കുന്നതിനാല്‍ മണിമലയാറിന്റെ സംരക്ഷണത്തില്‍ നാല് ജില്ലകളും പങ്കാളികളാകേണ്ടതുണ്ട്. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ കൂടി പങ്കെടുക്കുന്ന യോഗം ഒക്‌ടോബര്‍ 13 ന് മണിമലയാറില്‍ നടക്കും. എന്റെ മണിമലയാര്‍ പുഴപഠനയാത്രയുടെ രണ്ടാംദിനത്തിലാണ് പദ്ധതിയുടെ ആദ്യഘട്ടരൂപം അവതരിപ്പിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ്, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിത ഷാജി,  എന്റെ മണിമലയാര്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി സുബിന്‍, വൈസ് പ്രസിഡന്റ് ജമീല പി.എസ്, പഞ്ചായത്തംഗം കെ. വത്സല, ആന്‍സി സെബാസ്റ്റ്യന്‍, പി. ടി ചാക്കോ, രാജു മണ്ണയ്ക്കനാട്,  ഓഫീസര്‍ സിമി ഇബ്രാഹിം,  ഷക്കീല സലിം, ഷെര്‍ലി ബിജു,ഹരിതകേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.രമേശ്, കാര്‍ഷിക ബാങ്ക് പ്രസിഡന്റ് സണ്ണിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.