Sunday 17th of February 2019

ഭക്ഷണത്തിന്റെയും ജീവന്റെയും വില പഠിപ്പിച്ച പ്രളയം

Category: Kottayam Published: Monday, 08 October 2018
കോട്ടയം: വിശപ്പും  ക്ഷാമവും അന്യമായി കൊണ്ടിരിക്കുന്ന  കാലഘട്ടത്തില്‍ ജീവന്റെയും ഭക്ഷണത്തിന്റെയും വില  മനസിലാക്കുന്നതായിരുന്നു പ്രളയ ദിനങ്ങളെന്ന് ഐ ആന്റ് പി. ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു. ഏയ്ഞ്ചല്‍വാലിയില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ജില്ലാതല സമാപനസമ്മേളനത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ്  അദ്ദേഹം പ്രളയാനുഭവം പങ്കുവച്ചത്. ആലപ്പുഴ ജില്ലയില്‍ പ്രളയകാലത്ത് സ്‌പെഷ്യല്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച  അനുഭവങ്ങളാണ്  അദ്ദേഹം പങ്കു വച്ചത്.  പ്രകൃതി ദുരന്തങ്ങളില്‍ പകച്ചു നില്‍ക്കാതെയും ഭയപ്പെടാതെയും പ്രകൃതിയെ സ്‌നേഹിച്ച് ജീവിക്കാന്‍ സാധിക്കണം. ഇതിനായി ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മുറുകെ പിടിക്കണമെന്നും ഇത് കുട്ടികളിലേക്ക് പകരുന്നതിനു അമ്മമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാം ഒന്ന് എന്ന ആശയത്തിലേക്ക് പ്രളയം നമ്മളെ കൊണ്ട് ചെന്നെത്തിച്ചു. പ്രളയാനന്തര പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണവും ഈ ആശയത്തില്‍ നിന്ന് തുടരാന്‍ സാധിക്കണം അദ്ദേഹം പറഞ്ഞു.
 
എയ്ഞ്ചല്‍വാലിയില്‍ ഭവനസന്ദര്‍ശനം നടത്തി
 
കോട്ടയം: പ്രളയക്കെടുതി ഏറെയുണ്ടാകുകയും പ്രളയകാലത്ത് ഒറ്റപെട്ടു പോവുകയും ചെയ്ത എയ്ഞ്ചല്‍വാലിയില്‍ ഉദ്യോഗസ്ഥര്‍ ഭവന സന്ദര്‍ശനം നടത്തി. മലവെള്ള പാച്ചിലില്‍ വെള്ളത്തിനടിയിലായ ഏയ്ഞ്ചല്‍വാലി പാലവും മണ്ണ് മൂടിയ അപ്രോച്ച് റോഡും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കോട്ടയം ജില്ലയെ പത്തനം തിട്ട ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലം പമ്പാനദിക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് സഹായമാവുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പുനര്‍ജ്ജനിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരടക്കമുള്ള സംഘം പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. കാലവര്‍ഷത്തില്‍  ഉരുള്‍പൊട്ടലുണ്ടായ ഏഞ്ചല്‍ വാലിയിലെ വിവിധ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.
 
പൂര്‍ണ്ണമായും പ്രളയത്തില്‍  മുങ്ങിയ ആറാട്ടു കയത്തെ വീടുകളും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ മറിഞ്ഞുവീണ് പല വീടുകള്‍ക്കും ഗുരുതര കേട്പാടുകളാണ് സംഭവിച്ചിട്ടുള്ളത്. വെള്ളത്തില്‍ മുങ്ങിപ്പോയ വീടുകളുടെ നാശനഷ്ടങ്ങളുടെ കണക്ക് എടുത്തിട്ടുണ്ട്. അഴുതയാറിന് കുറുകെയുള്ള  മൂക്കന്‍ പെട്ടി കോസ് വേയിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. തകര്‍ന്ന റോഡിന്റെ വശങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പമ്പാനദിയില്‍ ജല നിരപ്പുയര്‍ന്ന് വീടുകള്‍ മുങ്ങിയ കണമല പ്രദേശവാസികളെയും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. നാല് ലക്ഷം രൂപ മുടക്കി വിസ്മയ കുടുംബശ്രീ നടത്തിയിരുന്ന ഫഌര്‍ മില്ലും പ്രളയത്തില്‍ പ്രവര്‍ത്തനരഹിതമായ  അവസ്ഥയിലാണ്. കേടായ യന്ത്രങ്ങള്‍ അറ്റകുറ്റപണി നടത്തി വൈദ്യുതി കണക്ഷന്‍ പുന: സ്ഥാപിച്ച് മില്ലിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നതിനുള്ള നീക്കത്തിലാണ് .ഇതിനായി കുടുംബശ്രീ ജില്ലാ മിഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. സഹായവും തേടിയിട്ടുണ്ട്.പമ്പാവാലി ബി.എസ്.എന്‍ എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും പ്രളയത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ച് പ്രവര്‍ത്തനം നിലച്ചിരുന്നു. ഒരാഴ്ചയായി ജില്ലയിലെ വിവിധ പ്രളയമേഖലകളിലെ സന്ദര്‍ശനം ഇന്നലെ അവസാനിച്ചു. ചെങ്ങളം പട്ടട, അയര്‍ക്കുന്നം മഹാത്മാ കോളനി,പായിപ്പാട് പൂവ്വം കോളനി, കല്ലറ മുണ്ടാര്‍ അംബേദ്കര്‍ കോളനി, ഉദയനാപുരം വൈക്കപ്രയാര്‍,  അച്ചിനകം കളത്തിപ്പറമ്പ് കോളനി എന്നിങ്ങനെ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയിട്ടുള്ളത്.
 
ഏയ്ഞ്ചല്‍ വാലി ഭവന സന്ദര്‍ശനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ്, അസി. എഡിറ്റര്‍ കെ. ബി ശ്രീകല, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയ്, ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ കുഞ്ഞുമോന്‍, കാഞ്ഞിരപള്ളി ബ്ലോക്ക് എരുമേലി ഡിവിഷന്‍ മെമ്പര്‍ പി കെ അബ്ദുള്‍ കരീം, മൂക്കന്‍വെട്ടി വാര്‍ഡ് മെമ്പര്‍ സോമന്‍ തെരുവത്തില്‍, കണമല വാര്‍ഡ് മെമ്പര്‍ അനീഷ്, എരുമേലി വില്ലേജ് ഓഫീസര്‍ പ്രസാദ് പി.വി, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷൈല, കാഞ്ഞിരപ്പള്ളി ബി ഡി ഒ എന്‍  രാജേഷ് എന്നിവര്‍ പങ്കെടുത്തു