Sunday 18th of November 2018

പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഗ്രാമീണ റോഡുകള്‍ പുതുക്കിപ്പണിയണം

Category: Kottayam Published: Friday, 14 September 2018
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിലവിലെ മെയിന്റനന്‍സ് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി ഡോ. ടി. എം തോമസ് ഐസക്ക്. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്കിന്റെയും അഡ്വ. കെ. രാജുവിന്റെയും നേതൃത്വത്തില്‍ കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ പ്രളയധനസമാഹരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ പുതുക്കി പണിയണം. ഉടന്‍ തന്നെ ഈ റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഇതിനായി എഞ്ചിനീയര്‍മാര്‍ ഓരോ പഞ്ചായത്തിലെയും പുതുക്കി പണിയേണ്ടുന്ന മുഴുവന്‍ ഗ്രാമീണ റോഡുകളുടെയും ലിസ്റ്റ് ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കി നല്‍കണം. ഏകദേശം 15,000 കോടി രൂപയുടെ ആവശ്യമുണ്ട്. ഇതിനുള്ള പരിശ്രമമാണ് നടത്തുന്നത്. മണ്ഡലത്തിലുള്ള കെ. ആര്‍. നാരായണന്‍ ആശുപത്രിയിലേയ്ക്ക് 18 തസ്തികകള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു. കൂടുതല്‍ തസ്തികകള്‍ താമസിയാതെ അനുവദിക്കും. 
മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷനായി. പാലാ ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍ സ്വാഗതം ആശംസിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്മാരായ സഖറിയാസ് കുതിരവേലി, മേരി സെബാസ്റ്റ്യന്‍, മറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.