Friday 19th of October 2018

തുറുവേലിക്കുന്ന്- നാനാടം റോഡ് പുനര്‍നിര്‍മ്മാണം ഉടന്‍

Category: Kottayam Published: Tuesday, 07 August 2018
കോട്ടയം: ഉദയനാപുരം പഞ്ചായത്തിലെ തുറുവേലിക്കുന്ന്  ആറ്റുവേലകടവ് - നാനാടം റോഡ് പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഏഴു കോടി രൂപയാണ് റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. പൊതുവെ വീതി കുറവുള്ള ഈ റോഡ് വെള്ളപൊക്കത്തില്‍ പൂര്‍ണ്ണമായും നശിച്ച നിലയിലാണ്.
എട്ടു മീറ്റര്‍ വീതിയില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്ന ബി എം ആന്‍ഡ് ബി സി ഉപയോഗിച്ച് ആറു കിലോമീറ്റര്‍ നീളത്തിലാണ് പുനര്‍നിര്‍മ്മാണം നടത്തുന്നത്. തുറുവേലിക്കുന്ന്ആറ്റുവേലകടവ് - നാനാടം റോഡ് പദ്ധതി പൂര്‍ത്തിയാകുന്നതോടു കൂടി ഉദയനാപുരം പഞ്ചായത്തിലെ ആദ്യത്തെ ആധുനിക നിലവാരത്തിലുള്ള റോഡാകും ഇത്. റോഡ് യഥാര്‍ത്ഥ്യമാകുന്നതോടെ പൂത്തോട്ട  എറണാകുളം റൂട്ടിലെ തിരക്ക് ഒഴിവാക്കാനും ഈ റോഡിലൂടെ വൈക്കംകോട്ടയം റോഡിലേക്ക് എത്താനും സാധിക്കും. ആറ്റുവേലകടവ് മുതല്‍ നാനാടം വരെയുള്ള രണ്ടു കിലോമീറ്റര്‍ സ്ഥലം ആണ് ഏറ്റെടുക്കേണ്ടത്. ഇരുവശങ്ങളിലുമായി നിരവധി വീടുകളും കടമുറികളും സ്ഥിതി ചെയ്യുന്ന റോഡിന്  സൗജന്യമായാണ് സ്ഥലം ഏറ്റെടുക്കുന്നത്.
 
റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനായി സ്ഥലഉടമകളും പൊതുജനങ്ങളെയും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന യോഗം പഞ്ചായത്ത് ഹാളില്‍ നടന്നു. വൈക്കം എം. എല്‍. എ സി.കെ ആശ യോഗം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിനായി പ്രദേശവാസികള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്‌മോഹനന്‍ അധ്യക്ഷനായിരുന്നു. ജനപ്രതിനിധികള്‍, പിഡബഌു അധികൃതര്‍, ജനങ്ങള്‍  എന്നിവര്‍ പങ്കെടുത്തു. റോഡിനായി സ്ഥലം വിട്ടു നല്‍കുന്നതിന് സ്ഥലംഉടമകളെയും കടയുടമകളെയും ജന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നേരിട്ട് കണ്ടു സഹായം അഭ്യര്‍ത്ഥിക്കുന്നതിനുള്ള പ്രവര്‍ത്തനം ഇന്നു മുതല്‍ ആരംഭിക്കും.