Thursday 19th of July 2018

വിദ്യാര്‍ത്ഥി സൗഹൃദ പഠനയിടങ്ങള്‍ കുറയുന്നു

Category: Kottayam Published: Wednesday, 14 February 2018
കോട്ടയം: വിദ്യാര്‍ത്ഥി സൗഹൃദപഠന ഇടങ്ങള്‍ കുറയുന്നതായി ലാറി ബേക്കല്‍ ജന്മശതാബ്ദിയുടെ ഭാഗമായി നടന്ന സെമിനാറില്‍ നിരീക്ഷണം. ആണ്‍പെണ്‍ സൗഹൃദങ്ങളെ പോലും തെറ്റായി കാണുന്ന വിധത്തിലേക്ക് വിദ്യാലയങ്ങള്‍ വഴിമാറി. അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കം കുട്ടികളുടെ വളര്‍ച്ചയെയും വികാസത്തെയും പിന്നോട്ടടിക്കും.
ഭിന്നശേഷിയുളള വിദ്യാര്‍ത്ഥികളെ കൂടി ഉള്‍ക്കൊളളുന്ന വിധത്തിലാവണം സ്‌കൂളുകളുടെ നിര്‍മ്മാണം. എല്ലാവരെയും ഉള്‍ക്കൊളളുന്നിടമാണ് പ്രകൃതി സൗഹൃദയിടം. പ്ലാസ്റ്റിക് കസേരകളില്‍ ഇരുന്നുകൊണ്ട് സ്‌കൂള്‍ പരിസ്ഥിത സൗഹൃദമാകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതില്‍ കാര്യമില്ല. കേരളത്തിലെ കാലാവസ്ഥയില്‍ അലുമിനിയം ഷീറ്റിട്ട ക്ലാസ് മുറികള്‍ വിദ്യാര്‍ത്ഥി സൗഹൃദമാണോയെന്ന് ചിന്തിക്കണമെന്ന് വിഷയം അവതരിപ്പിച്ച എസ്.എസ്.എ കണ്‍സള്‍ട്ടന്റ് ടി.പി. കലാധരന്‍ പറഞ്ഞു.
ഇരിപ്പിടങ്ങള്‍ പോലും ഒട്ടും യോജ്യമല്ലാത്ത പഠനാന്തരീക്ഷമാണ് സ്‌കൂളുകളിലുളളത്. കുട്ടികള്‍ പലപ്പോഴും തമ്മലറിയാത്ത ആള്‍ക്കൂട്ടമായി മാറുകയാണ്. ഇത് അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെപോലും ബാധിക്കുന്നു. ലാറി ബേക്കര്‍ ശൈലിയില്‍ ചെലവു കുറച്ച് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങളില്‍ നടത്തുന്ന സ്‌കൂളുകളില്‍ സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവാത്ത ഫീസ് ആണ് വാങ്ങുന്നത് എന്നതും  വാസ്തവമാണ്.
പഴയ കാലത്തെ സ്‌കൂള്‍ കെട്ടിടങ്ങള്‍ നല്‍കിയിരുന്ന സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ഇല്ലാതാകുന്നതായി സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച എം ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ കെ എം കൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷം അവരുടെ വ്യക്തിത്വ വികാസത്തിന് അനിവാര്യമാണ്.  അദ്ധ്യാപകരുടെ മനോഭാവത്തില്‍ കൂടി മാറ്റം വരേണ്ടത് ആവശ്യമാണെന്ന് അദ്ധ്യാപക പ്രതിനിധിയായ ബാബു കോടംവേലി അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ആയിരം സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എന്ന പദ്ധതിയില്‍ കോസ്റ്റ് ഫോര്‍ഡ് നിര്‍മാണം  ഏറ്റെടുത്ത കാര്‍ത്തിക തിരുനാള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രകൃതിഭിന്നശേഷി വിദ്യാര്‍ത്ഥി സൗഹൃദ ഡിസൈന്‍ കോസ്റ്റ് ഫോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ പി ബി സാജന്‍ പരിചയപ്പെടുത്തി. വിവിധ സ്‌കൂളുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികളും പി ടി എ പ്രതിനിധികളും സെമിനാറില്‍ പങ്കെടുത്തു.