Tuesday 17th of July 2018

വിദേശ തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

Category: Kottayam Published: Tuesday, 06 February 2018
കോട്ടയം: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ വായ്പ നല്‍കുന്നതിന് അര്‍ഹതയുള്ള കോട്ടയം ജില്ലയിലെ പട്ടികജാതി യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 
അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിനു ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം. ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്റ്റര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ്, പെര്‍മിറ്റ് നല്‍കിയിട്ടുള്ള തൊഴില്‍ ദാതാക്കളോ അഥവാ റിക്രൂട്ട്‌മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴില്‍ ലഭിച്ചു പോകുന്നവരുടെ അപേക്ഷകള്‍ മാത്രമേ വായ്പക്കായി പരിഗണിക്കൂ.
നോര്‍ക്കാ റൂട്‌സ്, ഒഡിഇപിഇസി (ODEPEC) എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 18 വയസ്സു മുതല്‍ 55 വയസ്സു വരെയുള്ള പ്രായപരിധിയില്‍പെട്ടവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപ അധികരിക്കാന്‍ പാടില്ല. പദ്ധതിയുടെ  പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപയും അതില്‍ ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയുമാണ്. 
വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്.  അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ്, വിസ, പാസ്‌പോര്‍ട്ട്,  എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ അത് എന്നിവ ലഭിച്ചിരിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി  ബന്ധപ്പെടണം.