Friday 22nd of November 2019

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തുല്യതാ പഠനത്തിന് പുതിയ പദ്ധതി

Category: Kasaragod Published: Friday, 18 October 2019
 
 
കാസര്‍കോട്:  സംസ്ഥാന സാക്ഷരതാ മിഷനും കുടുംബശ്രീ മിഷനും തുല്യതാ പരീക്ഷകളില്‍ കൈകോര്‍ക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പത്താംതരം, പന്ത്രണ്ടാം തരം തുല്യത പരീക്ഷ എഴുതുന്നതിന് പുതിയ പദ്ധതി ആരംഭിക്കുന്നു. സമ എന്നാണ് പദ്ധതിയുടെ പേര്. സമ പദ്ധതി നടപ്പാക്കുന്നതിനുള്ള ശില്പശാല ഡി പി സി ഹാളില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
 
ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സമ പദ്ധതി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടപ്പാക്കും. 5000പേരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പത്താം പന്ത്രണ്ടാം തരം തുല്യത പരീക്ഷ എഴുതുന്നതിനുള്ള പദ്ധതി ജനുവരി ഒന്നിന് ആരംഭിക്കും.
 
കേരളത്തിലെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ പത്താംക്ലാസ് വിജയിക്കാത്ത മുഴുവന്‍ കുടുംബശ്രീ അംഗങ്ങളെയും പത്താംക്ലാസ് വിജയികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്താംതരം തുല്യതാ കോഴ്സിന്റെ രജിസ്റ്റര്‍ 2020 ജനുവരി ഒന്നിനാണ് ആരംഭിക്കുക. പഞ്ചായത്ത് മുനിസിപ്പല്‍ പരിധിയില്‍ 50 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഒരു തുല്യതാ പഠന കേന്ദ്രം ആരംഭിക്കാന്‍ കഴിയുന്ന വിധമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 
 
കുടുംബശ്രീ പ്രവര്‍ത്തകരെ സിഡിഎസ് ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ കണ്ടെത്തിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജി ജോണ്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ് സത്യപ്രകാശ് പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ എം ഹരിദാസ്, പ്രകാശന്‍ പാലായി, ജോസഫ്, സാക്ഷരതാ മിഷന്‍ സംസ്ഥാന സമിതി അംഗം രാജന്‍ പൊയിനാച്ചി, സാക്ഷരതാ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റര്‍ വി എന്‍ ബാബു, എക്സിക്യൂട്ടീവ് അംഗം കെ വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.