Tuesday 12th of November 2019

നാടിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഓരോരുത്തരും മുന്നിലുണ്ടാകണം

Category: Kasaragod Published: Friday, 16 August 2019
കാസര്‍കോട് : കേരളം ഇപ്പോള്‍ നേരിടുന്ന ഗുരുതരമായ പ്രകൃതിദുരന്തത്തെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണമെന്നും നാടിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഓരോരുത്തരും മുന്നിലുണ്ടാകണമെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യ ദിനപരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.ഈ ദുരന്തത്തെ നമുക്കെങ്ങനെ നേരിടാം, ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളെ എങ്ങനെ സഹായിക്കാം എന്ന ചിന്ത മനസ്സ് നിറയെയുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇനിയുള്ള ദിവസങ്ങളില്‍ വ്യാപൃതരാകണം. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പ്രളയം നാശം വിതയ്ക്കുന്നു. കാലവര്‍ഷക്കെടുതി നൂറില്‍പരം ആളുകളുടെ ജീവനെടുത്തു വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ 400 ല്‍ അധികം ആളുകള്‍ മരണപ്പെട്ടു. സങ്കല്‍പത്തിന് അതീതമായ നാശ നഷ്ടങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ കേരളം പൊരുതുകയാണ്. മഹാപ്രളയത്തെ ഒത്തൊരുമയോടെ നേരിട്ട് അതിജീവിച്ചവരാണ് നാം. രാജ്യം മുഴുവന്‍ കേരളത്തെ സഹായിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിരവധി പ്രകൃതിദുരന്തങ്ങളുണ്ടായി. 1993ലെ മഹാരാഷ്ട്ര ഭൂകമ്പം, 1999ലെ ഒറീസ ചുഴലിക്കാറ്റ് 2001 ലെ ഗുജറാത്ത് ഭൂകമ്പം 2004 ലെ സുനാമി 2013ലെ ഉത്തരാഖണ്ഡ് പ്രളയം 2014ലെ കശ്മീര്‍ പ്രളയം എന്നിവയെല്ലാം രാജ്യം ഒറ്റക്കെട്ടായാണ് അതിജീവിച്ചത്. കേരളം നേരിടുന്ന ഗുരുതരമായ പ്രകൃതിദുരന്തത്തെയും നമുക്ക് അതിജീവിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
 
സ്വാതന്ത്ര്യ സമരം ഇന്ത്യന്‍ ജനതയെ പഠിപ്പിച്ചത്  നമ്മുടെ ദേശീയതയുടെ ശക്തി നമ്മുടെ വൈവിധ്യങ്ങള്‍ ആണെന്നാണ്. നാനാത്വത്തില്‍ ഏകത്വം എന്ന പാതയിലൂടെ സഞ്ചരിച്ച് ആധുനിക ലോകത്തിന് മാതൃകയായി മാറാന്‍ ഇന്ത്യയെ സഹായിച്ചത് ഈ വൈവിധ്യമാണ്. സ്വാതന്ത്ര്യ സമരവീഥികളില്‍ സര്‍വ്വവും സമര്‍പ്പിച്ച ധീര ദേശാഭിമാനികള്‍ സ്വപ്നം കണ്ട ക്ഷേമരാഷ്ട്രത്തിലേക്കള്ള യാത്രയില്‍ കാലിടറിയപ്പോഴൊക്കെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിന്നു പോരാടി. ഈ സന്ദര്‍ഭങ്ങളിലെല്ലാം നമ്മുടെ മതേതര ദേശീയത ലോകത്തിനു മുന്നില്‍ മാതൃകയായി. കലാപങ്ങളുടേയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടേയും കരിനിഴലിനെ സാഹോദര്യത്തിന്റെ സൂര്യശോഭ കൊണ്ട് ഇന്ത്യക്കാര്‍ മായ്ച്ചു കളഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെ നമ്മുടെ ഐക്യം മറ്റ് സമയങ്ങളിലേക്ക് കൂടി തീവ്രമായി വ്യാപിപ്പിച്ചാല്‍ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ ലോകത്തെ നയിക്കുന്ന രാജ്യമായി മാറും. പരസ്പരം സ്‌നേഹിക്കുന്ന നാം സഹായിക്കുന്നതിലും തീവ്രത കാട്ടിയാല്‍ നമ്മുടെ സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണമാകുമെന്നും അതിനായി ശ്രമിക്കണ മെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭ്യര്‍ത്ഥിച്ചു.
 
നൂറ്റാണ്ടുകളുടെ വൈദേശികാധിപത്യം അവസാനിപ്പിച്ച് നാം നേടിയെടുത്ത ജീവന് തുല്യമായ സ്വാതന്ത്ര്യത്തിന്റെ 73 ാമത് വാര്‍ഷികമാണിത്. 1947 ല്‍ നേടിയ സ്വാതന്ത്ര്യത്തെ ശാശ്വതമാക്കിയത് ദേശീയ ബോധത്തിന്റെ അടിസ്ഥാനത്തിലും ഭരണഘടനയുടെ കരുത്തിലും രൂപം നല്‍കിയ സ്വതന്ത്രപരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണ്. ഒരേ ജനാധിപത്യ മതേതര മൂല്യങ്ങള്‍ പങ്കുവെക്കുന്ന ജനതയെന്ന നിലയില്‍ നിന്നും മാനവികതയുടെ തിളക്കമുള്ള ദേശീയതയായി ഇന്ത്യ വരുന്നത് ദേശീയ പ്രസ്ഥാനം ഉയര്‍ത്തി പിടിച്ച മതപരവും വംശീയവും പ്രാദേശികവുമായ സമത്വത്തിന്റേയും സാഹോദര്യത്തിന്റെയും കരുത്തിലാണ്. ഈ മഹാ രാജ്യത്തിലെ സമസ്ത ജനവിഭാഗങ്ങളും ഒത്തുചേര്‍ന്ന് കൂറ്റന്‍ തിരമാലകള്‍ പോലെ വിദേശ ഭരണത്തിനെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയത് അവിടെ നിന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന നാം ഇന്ത്യക്കാര്‍ എന്ന വികാരത്തിന് സമൂര്‍ത്തത കൈവരിച്ചതെന്ന് മന്ത്രി അനുസ്മരിച്ചു.