Wednesday 18th of September 2019

ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാമ്പുകളില്‍ 3882 പേര്‍

Category: Kasaragod Published: Sunday, 11 August 2019

ഹോസ്ദുര്‍ഗ് താലൂക്കില്‍ 22 ഉം, വെള്ളരിക്കുണ്ട് താലൂക്കില്‍ 9 ഉം ക്യാമ്പുകള്‍ 

 
കാസര്‍കോട്:  മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ 1169 കുടുംബങ്ങളിലെ 3882 പേരെ 31 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഹോസ്ദുര്‍ഗ് താലൂക്കില്‍ 22 ഉം വെള്ളരിക്കുണ്ട് താലൂക്കില്‍ ഒന്‍പതും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഹോസ്ദുര്‍ദഗ് താലൂക്കില്‍ കയ്യൂര്‍ വില്ലേജില്‍ നാലും ചെറുവത്തൂര്‍, നീലേശ്വരം,സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജുകളില്‍ മൂന്നു വീതവും പേരോല്‍, ക്ലായിക്കോട്, കാഞ്ഞങ്ങാട് വില്ലേജുകളില്‍ രണ്ടുവീതവും പടന്ന, വലിയ പറമ്പ, അജാനൂര്‍ വില്ലേജുകളില്‍ ഒന്നും വീതവും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളരിക്കുണ്ട് താലൂക്കില്‍  പരപ്പ, കള്ളാര്‍ വില്ലേജുകളില്‍ രണ്ടു വീതവും പനത്തടി, മാലോത്ത്, ചിറ്റാരിക്കല്‍, കോടോത്ത്, വെസ്റ്റ് എളേരി  വില്ലേജുകളില്‍ ഒന്നു വീതവും ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത.്

കഴിഞ്ഞ 24 മണിക്കൂറില്‍ 189.75 മില്ലി മീറ്റര്‍ മഴ

ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ ലഭിച്ചത് 189.75 മില്ലി മീറ്റര്‍ മഴ. മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 2287.1135 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. കനത്തമഴയിലും ശക്തമായ കാറ്റിലും ഇതുവരെ 21 വീടുകള്‍ പൂര്‍ണമായും 282 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ദുരിതാശ്വാസ സഹായ സ്വീകരണ കേന്ദ്രം തുടങ്ങി 

മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ കളക്ഷന്‍ സെന്ററും  പടന്നക്കാട് കാര്‍ഷിക കോളേജില്‍ ദുരിതാശ്വാസ സഹായ കേന്ദ്രവും തുടങ്ങി. കാസര്‍കോട് ജില്ലയ്ക്ക് പുറമേ, അയല്‍ ജില്ലയായ കണ്ണൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കാനും ഈ കേന്ദ്രങ്ങളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. 
 
പുതപ്പ് -4800, പായ- 4800, തലയിണ-1900,ബെഡ്ഷീറ്റ്- 4700, ലുങ്കി- 4850,  ഷര്‍ട്ട്/ ടീ -ഷര്‍ട്ട് -4150 ,ചുരിദാര്‍-3650, മാക്സി-5150 ,അടിവസ്ത്രങ്ങള്‍(പുരുഷന്‍)- 5700 , അടിവസ്ത്രങ്ങള്‍(സ്ത്രീ)- 5500,കുട്ടികളുടെ വസ്ത്രം- 2800,തോര്‍ത്ത്-4900,സാനിറ്ററി നാപ്കിന്‍സ്-5450 ,ടൂത്ത് പേസ്റ്റ്-2300,ടൂത്ത് ബ്രഷ്-7000,വാഷിങ് സോപ്പ്-3500,ബാത്ത് സോപ്പ്-3500,വാഷിങ് പൗഡര്‍-2750,മെഴുകുതിരി-1350 പാക്കറ്റ്, ഡെറ്റോള്‍-1350, ഫിനോയില്‍-1000, തീപ്പെട്ടി-500 പാക്കറ്റ്, ബക്കറ്റ്-1800, മഗ്ഗ്-1700, കൊതുക് തിരി-500, ചീര്‍പ്പ്-500,ബിസ്‌ക്കറ്റ്-6000 പാക്കറ്റ്, റസ്‌ക്-5000 പാക്കറ്റ് എന്നിവയാണ് അത്യാവശ്യമായി സഹായ കേന്ദ്രത്തിലേക്ക് എത്തിക്കേണ്ടവ. കൂടുതല്‍ വിവരങ്ങള്‍ക്ക് -0467 2202042,94475 20163

ക്യാമ്പുകളില്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ആരോഗ്യവകുപ്പ്

കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്കായി ജില്ലയില്‍ വിവിധയിടങ്ങളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യസുരക്ഷ ഉറപ്പു വരുത്താന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ പി ദിനേശ് കുമാര്‍ അറിയിച്ചു. എല്ലാ ക്യാമ്പുകളിലും അതാതു പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. 
 
കൂടുതല്‍ അംഗങ്ങളെ പാര്‍പ്പിച്ചിട്ടുള്ള കാടങ്കോട് ജിഎഫ് വിഎച്ച്എസ്എസ്, കൊവ്വല്‍ എയുപി സ്‌കൂള്‍  എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒ പി ആരംഭിച്ച് ഡോക്ടര്‍മാര്‍ പരിശോധനയും ചികിത്സയും നല്‍കുന്നുണ്ട്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ ചികിത്സാ സഹായം എത്തിക്കുന്നതിനായി ജില്ലാതലത്തില്‍ രണ്ട് മൊബൈല്‍ ആരോഗ്യസംഘത്തെയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ക്യാമ്പുകളിലും മറ്റും വൈദ്യസഹായമെത്തിക്കുന്നതിനായി ഈ മൊബൈല്‍ ടീം ആവശ്യ പ്രദേശങ്ങളിലെത്തും.