Sunday 17th of February 2019

കാസര്‍കോടിനെ മുളയുടെ തലസ്ഥാനമാക്കാന്‍ സമഗ്ര പദ്ധതി

Category: Kasaragod Published: Wednesday, 10 October 2018

കാസര്‍കോഡ്:  പ്രകൃതി, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാസര്‍കോടിനെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കി. പരിസ്ഥിതി സംരക്ഷണത്തിനും ജലക്ഷാമം പരിഹരിക്കുന്നതിന്നും മുളയനുബന്ധ വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി ജില്ലയില്‍ വന്‍തോതില്‍ മുളവച്ചു പിടിപ്പിക്കുക എന്ന ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബുവിന്റെ ആശയം പ്രായോഗികമാക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ജില്ലയുടെ സൗന്ദര്യവല്‍കരണത്തോടൊപ്പം മുളവച്ചു പിടിപ്പിക്കുന്നവര്‍ക്ക് ചുരുങ്ങിയ കാലയളവില്‍ തന്നെ വരുമാനം കൂടി ലഭ്യമാക്കാന്‍ സഹായകമാകുന്ന തരത്തിലാണു പദ്ധതി നടപ്പാക്കുന്നത്. 
 
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ആദ്യയോഗം കുമ്പള പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആദ്യഘട്ടത്തില്‍ കാസര്‍കോട് ബ്ലോക്കിലെ ബദിയടുക്ക, കുമ്പള, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍, ചെങ്കള, ചെമ്മനാട് ഗ്രാമ പഞ്ചായത്തുകളിലും  മഞ്ചേശ്വരം ബ്ലോക്കിലെ മഞ്ചേശ്വരം, മംഗല്‍പാടി, വൊര്‍ക്കാടി, എന്‍മകജെ, മീഞ്ച, പുത്തിഗെ, പൈവളിഗെ ഗ്രാമ പഞ്ചായത്തുകളിലുമാണ് മുളവത്കരണം  നടത്തുന്നത്. പിന്നീട് ജില്ല മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കും. മൂന്നു ലക്ഷത്തോളം കല്ലുമുള തൈകളാണ് ഈ 13 പഞ്ചായത്തുകളില്‍ വച്ചുപിടിക്കുന്നത്.  പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മണ്ണ് പരിശോധന നടത്തും. ഇതേ സ്ഥലങ്ങളില്‍ മുളവച്ചു പിടിപ്പിച്ചതിന് ശേഷം മണ്ണിലുണ്ടാകുന്ന ജൈവ-രാസ വ്യത്യാസങ്ങള്‍ വീണ്ടും പരിശോധിക്കും.
 
എറ്റവും കൂടുതല്‍ നദികളുള്ള ജില്ലയാണ് കാസര്‍കോടെങ്കിലും വേനല്‍ക്കാലത്ത് വരള്‍ച്ച രൂക്ഷമാവുന്ന ജില്ല കൂടിയാണ്. ഇതിനൊരു പരിഹാരം എന്ന നിലയില്‍കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. മുളയുടെ വേരുകള്‍ക്ക് പാറകള്‍ക്കിടയിലൂടെ ഇറങ്ങിച്ചെല്ലാനുള്ള കഴിവുണ്ട്. ഇത് ഉപരിതലത്തില്‍ ലഭിക്കുന്ന മഴവെള്ളം ഒഴുകിപ്പോകാതെ ഭൂമിക്കടിയിലേക്ക് താഴ്ത്തിക്കളയാന്‍ സഹായിക്കും. ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു സസ്യമാണ് മുള. ഒരു മാസം കൊണ്ട് 91 സെന്റീമീറ്റര്‍ വളരും. കുടാതെ അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കാനും മുള സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം മിഷന്‍, സന്നദ്ധ സംഘടനകള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ജനകീയ കര്‍മ്മസേന രൂപീകരിക്കും. 
 
ജില്ലാ തലത്തില്‍ പദ്ധതി നടപ്പാക്കുന്നതിനും ബോധവല്‍കരണത്തിനും മേല്‍നോട്ടത്തിനുമായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ചെയര്‍മാനും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ വി. കെ.ദിലീപ് കണ്‍വീനറും എ.ഡി.സി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ ടി.ജെ അരുണ്‍, ഡി.ഡി.പി ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ.വിനോദ് കുമാര്‍,  സോയില്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ സത്യനാരായണന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ.ജലീല്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു , മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ്, കാസര്‍കോട്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, കാസര്‍കോട് ജോയിന്റ് ബി.ഡി.ഒ പി.ബി.അമീര്‍ ജാന്‍, കുമ്പള പഞ്ചായത്ത് സെക്രട്ടറി പി.ജയന്‍, മീഞ്ച ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോയ് തോമസ്, എം.എന്‍ ആര്‍.ഇ.ജി.എസ് അസിസ്റ്റന്റ് എഞ്ചിനീയര്‍ സഫാദ് അലി, സഹീര്‍ അലി, കാസര്‍കോട്്, മഞ്ചേശ്വരം ബ്ലോക്കുകളിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.