Sunday 16th of December 2018

ബാലസഭ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്റ് മ്യൂസിക്

Category: Kasaragod Published: Wednesday, 10 October 2018
 
കാസര്‍കോഡ്:  കുടുംബശ്രീ -കലാ രംഗത്ത് മാതൃക പദ്ധതിയുമായി ബാലസഭ സ്‌കൂള്‍ ഓഫ് ഡാന്‍സ് & മ്യൂസിക് പ്രവര്‍ത്തനം ആരംഭിക്കുന്നു. കുടുംബശ്രീ ജില്ലാമിഷന്‍, ചെറുവത്തൂര്‍ പഞ്ചായത്ത്, സിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബാലസഭ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്റ് മ്യൂസിക് പ്രവര്‍ത്തനം ആരംഭിക്കുന്നു. അഞ്ചിനും 15 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കായി നൃത്തം, സംഗീതം എന്നിവയില്‍ പരിശീലനം നല്‍കും. കുടുംബശ്രീയുടെ പ്രവര്‍ത്തനമേഖലയില്‍ പ്രധാനപ്പെട്ടതാണ് കുട്ടികളുടെ കലാ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് രൂപീകരിച്ച ബാലസഭ. മാസത്തിലെ എല്ലാ ഞാറാഴ്ചകളിലും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്  സിഡിഎസ് ഹാളില്‍പരിശീലനം നല്‍കും. 
 
ബാലസഭ പദ്ധതിക്കു കീഴില്‍ കലാമേഖലയിലെ സംസ്ഥാനത്തെ ആദ്യ സംരംഭമാണ് ഇത്. പ്രഗല്‍ഭരായ അധ്യാപകരുടെ ശിക്ഷണത്തിലാണ് പരിശീലനം. കുടുംബശ്രീ സംസ്ഥാന  കലോല്‍സവത്തില്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ജില്ലാമിഷനു കീഴിലെ കുടുംബശ്രീ കലാകാരികള്‍ ചേര്‍ന്ന് കുടുംബശ്രീ തിയേറ്ററും ഇതിനോടനുബന്ധിച്ച് രൂപീകരിച്ചിരുന്നു. ഭാവിയില്‍ മികച്ച കലാകാരന്മാരെ വളര്‍ത്തിക്കൊണ്ടുവരുന്ന പ്രഥമ സംരംഭം ഒക്ടോബര്‍ 13 ന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, കലാ -സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ജില്ലാമിഷന്‍ ടീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ബാലസഭ കലാ കേന്ദ്രത്തിന്റെ  പ്രവേശനം ആരംഭിച്ചു. പ്രവേശനം ലഭിക്കാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ 9744364271 എന്ന നമ്പറില്‍ ബന്ധപ്പെടുക.