Tuesday 17th of July 2018

മാലിന്യമുക്തകേരളത്തിനായി കൈകോര്‍ത്ത് വിവിധ വകുപ്പുകള്‍

Category: Kasaragod Published: Thursday, 12 July 2018
കാസര്‍കോട്: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളേയും ഏജന്‍സികളേയും ഒരുമിപ്പിച്ച് മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.   സംസ്ഥാന പോലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട് എല്ലാ പോലീസ് സ്റ്റേഷനുകളിലേയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് വിശദമായ ഉത്തരവ് ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞു. നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിപുലമായ പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 
 
ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനതല ഉദ്യോഗസ്ഥര്‍ക്കായുള്ള ശില്‍പ്പശാല കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ എ.ഡി.എം എന്‍. ദേവീദാസ് ഉദ്ഘാടനം ചെയ്തു.  ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ബാബു രാജ് പി.കെ സ്വാഗതവും, കെ.എസ്.പി.സി.ബി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ.ആര്‍തര്‍ സേവ്യര്‍ നന്ദിയും പറഞ്ഞു. കാസറഗോഡ് ഡി.വൈ.എസ്.പി. ജെയ്‌സണ്‍ കെ. അബ്രഹാം, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.എസ്.പി.സി.ബി. സനല്‍ കെ, പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സൂപ്പര്‍ വൈസര്‍ സുമേഷ് ബി.എന്‍, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി സെക്രട്ടറി അനീഷ് പി.എന്‍, ഫൂഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ ഡോ. നിത്യ ചാക്കോ, എച്ച്.ഐ. മുഹമ്മദ് കുട്ടി എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.  
 
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത് വകുപ്പ്, നഗരകാര്യവകുപ്പ്, പോലീസ് വകുപ്പ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ്, നഗരാസൂത്രണ വകുപ്പ് തുടങ്ങി അനുബന്ധ വകുപ്പുകളും ഏജന്‍സികളുമാണ് ഹരിതകേരളം മിഷനുമായി ചേര്‍ന്ന് ഈ പരിപാടി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കല്‍, ജലസ്രോതസ്സുകളിലേക്ക് വലിച്ചെറിയല്‍, ഭക്ഷണാവശിഷ്ടങ്ങളും, കക്കൂസ് മാലിന്യങ്ങളും ഉള്‍പ്പെടെയുള്ളവ പൊതു നിരത്തുകളിലും ജലസ്രോതസ്സുകളിലും തള്ളിവിടല്‍ തുടങ്ങി പൊതുജനാരോഗ്യത്തിനും പരിസ്ഥിതി ഘടനയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെമ്പാടും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വകുപ്പുതല കൂട്ടായ്മ രംഗത്തിറങ്ങിയത്.