Saturday 26th of May 2018

ഡിഫ്തീരിയ ബോധവല്‍ക്കരണം ശക്തമാക്കി

Category: Kasaragod Published: Wednesday, 04 January 2017
 
കാസര്‍കോട്: ജില്ലയില്‍ ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ബോധവല്‍ക്കരണ കലാജാഥയുടെ ഉദ്ഘാടനം ബാഡൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചനിയ പാടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തി ഉള്‍പ്പെടെ പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളും ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ഡെപ്യൂട്ടി ഡിഎംഒ ഡോ. ഇ മോഹനന്‍ രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും കുത്തിവെപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സെടുത്തു. തുടര്‍ന്ന് ഉദിനൂര്‍ ജ്വാല തീയേറ്റേഴ്‌സിന്റെ ബോധവല്‍ക്കരണ തെരുവ് നാടകം അരങ്ങേറി. മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ ബോധവല്‍ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പുത്തിഗെ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ആര്‍ ടിറ്റോ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.