Thursday 21st of November 2019

കായകല്പ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

Category: Kozhikode Published: Monday, 14 October 2019
കോഴിക്കോട്: ആശുപത്രികളില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന നടപ്പിലാക്കുന്ന കായകല്പ അവാര്‍ഡുകള്‍ ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്ററ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സമ്മാനിച്ചു. കേരളത്തില്‍ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി എന്നീ ആശുപത്രികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 50 ലക്ഷം, 20 ലക്ഷം ആണ് യഥാക്രമം സമ്മാനത്തുക.
 
അവാര്‍ഡ് ഏറ്റുവാങ്ങിയ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ഗവണ്മെന്റ് ആശുപത്രികളില്‍ ക്വാളിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാണ് ഈ പുരസ്‌കാരങ്ങള്‍. എല്ലാ ആശുപത്രികളും എന്‍.ക്യു.എ.എസ്. ഗുണനിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാകട്ടെ ഈ അവാര്‍ഡുകളെന്ന് മന്ത്രി ആശംസിച്ചു.
 
താലൂക്ക് വിഭാഗത്തില്‍ പാലക്കാട് കോട്ടതറ ട്രൈബെല്‍ സ്‌പെഷ്യാല്‍റ്റി ആശുപത്രിയും പുരസ്‌കാരത്തിന് അര്‍ഹമായി. സ്റ്റേറ്റ് ക്വാളിറ്റി ഓഫീസര്‍ ഡോ. അംജദ് കുട്ടി, എന്‍.എച്ച്.എം. സ്റ്റേറ്റ് എച്ച്.ആര്‍. മാനേജര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ കേരള ടീം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു വേണ്ടി സുപ്രണ്ടന്റ് ഡോ. കെ.വി. പ്രകാശ്, ആര്‍.എം.ഒ. ഡോ. രിജിത് കൃഷ്ണന്‍, പി.ആര്‍.ഒ. അല്‍ഫോന്‍സാ മാത്യു എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
 
കോഴിക്കോട് നിന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറുക്ക്. എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എ., ക്വാളിറ്റി അഷുറന്‍സ് ഓഫിസര്‍ ടി.ആര്‍. സൗമ്യ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പാലക്കാട് കോട്ടത്തറ ആശുപത്രിക്കു വേണ്ടി സൂപ്രണ്ട് ഡോ പ്രഭുദാസ്, എന്‍.എച്ച്.എം.ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രചന ചിദംബരം, ജില്ലാ ക്വാളിറ്റി ഓഫീസര്‍ അംബിക എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.