Saturday 24th of August 2019

കര്‍മ്മനിരതരായി ഇലക്ഷന്‍ സെല്ലിലെ ജീവനക്കാര്‍

Category: Kozhikode Published: Thursday, 28 March 2019
 
 
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് സുഗമവും സുതാര്യവുമാവാന്‍ 24 മണിക്കൂറും മാതൃകാ പ്രവര്‍ത്തനം കാഴ്ചവച്ച് ഇലക്ഷന്‍ സെല്ലിലെ ജീവനക്കാര്‍. പ്രഖ്യാപനം വന്ന ദിവസം മുതല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍. സിവില്‍ സ്റ്റേഷനിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലാണ് സെല്‍ സജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും സെല്ലിന്റെ ഭാഗമായുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് ശ്രദ്ധയില്‍ പെടുന്ന പരാതികളും 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം. കൃത്യമായ മറുപടികളും പരിഹാരങ്ങളും ഉറപ്പുവരുത്താന്‍ ഹെല്‍പ് ലൈന്‍ പൂര്‍ണ്ണ സജ്ജമാണ്. 
 
ഇ പോസ്റ്റിംഗ്, വിവരശേഖരണം, ഡാറ്റാ എന്‍ട്രി, സിവിജില്‍ മോണിറ്ററിംഗ്, കമാന്റ് ആന്റ് കണ്‍ട്രോളിംഗ് സെല്‍, ഏകോപനം, ഓണ്‍ലൈനായി ലഭിക്കുന്ന പരാതികളുടെ പരിശോധന തുടങ്ങിയവയാണ് സെല്ലിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ജയപ്രകാശനും ഒപ്പമുണ്ട്. 
 
പെരുമാറ്റച്ചട്ടലംഘനവും തിരഞ്ഞെടുപ്പ് ചിലവ് നിയന്ത്രണ ലംഘനങ്ങളും തെളിവു സഹിതം ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയുന്ന സിവിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാനും സെല്ലിന് സാധിക്കുന്നു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കാന്‍ 140 ഓളം സ്‌ക്വാഡുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സ്‌ക്വാഡുകളെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുമുണ്ട്. പരാതിയില്‍ 100 മിനിട്ടുകള്‍ക്കകം നടപടി സ്വീകരിക്കക്കുന്നതിനുള്ള സംവിധാനം സജ്ജമായിട്ടുണ്ട്. താമരശ്ശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലെ ഇലക്ഷന്‍ സെല്ലുകളും തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മുഴുവന്‍ സമയവും കര്‍മ്മനിരതമാണ്.