Monday 22nd of July 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം കര്‍ശനമായി നടപ്പാക്കും

Category: Kozhikode Published: Friday, 22 March 2019
കോഴിക്കോട് : ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഹരിത പരിപാലനചട്ടം കര്‍ശനമായി നടപ്പാക്കും. മനുഷ്യനും പരിസ്ഥിതിക്കും ആപല്‍കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാന്‍ കഴിയുന്നതും പുനഃചംക്രമണത്തിന് വിധേയമാക്കാന്‍ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
 
ഗ്രീന്‍പ്രോട്ടോകോള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍:
 
1. രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പ്ലാസ്റ്റിക്, ഫഌ്‌സ്, വിനെയ്ല്‍ മുതലായവയില്‍ നിര്‍മ്മിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, സ്റ്റിക്കറുകള്‍, പോസ്റ്ററുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതും പകരം തുണി, കടലാസ്, പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, ചണം മുതലായ പ്രകൃതി സൗഹൃദ ഉപാധികള്‍ ഉപയോഗിക്കേണ്ടതുമാണ്.
 
2. തെരഞ്ഞെടുപ്പ് ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.
 
3. പോളിംഗ് ഏജന്റുമാര്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കുടിവെളളം മുതലായവ കൊണ്ടുവരാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയ്‌നറുകളും പരമാവധി ഒഴിവാക്കണം.
 
4. ഇലക്ഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മാലിന്യം പരമാവധി കുറയ്ക്കുക. അതിലൂടെ പൊതു ഇടങ്ങളും തെരഞ്ഞെടുപ്പു വേദികളും സമ്മേളന നഗരികളും മാലിന്യ മുക്തമായി സംരക്ഷിക്കുക.
 
5. എല്ലാതരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിബിള്‍ വസ്തുക്കളും (പേപ്പര്‍/പ്ലാസ്റ്റിക്/തെര്‍മോകോല്‍ കപ്പുകള്‍, കുപ്പികള്‍, പ്ലേറ്റുകള്‍/കുപ്പിവെളളം) ഒഴിവാക്കി മാലിന്യം രൂപപ്പെടുന്നതിനുളള സാഹചര്യം ഒഴിവാക്കുക.
 
6. എല്ലാ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇലക്ഷന്‍ ബൂത്തുകളും മാലിന്യ മുക്തമാക്കി സൂക്ഷിക്കുന്നതിന് സഹകരിക്കുക.
 
7. റാലികള്‍, സമ്മേളനങ്ങള്‍, റോഡ് ഷോകള്‍ എന്നിവയില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാം.
 
8. തെരഞ്ഞെടുപ്പ് പ്രചാരണ സ്‌ക്വാഡുകളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും ഉപയോഗിച്ച് ഒഴിവാക്കുന്ന വെളളക്കുപ്പികള്‍ക്ക് പകരം സ്റ്റീല്‍/ചില്ലു കുപ്പികള്‍ ഉപയോഗിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ കുടിവെളളം നല്‍കുന്നതിനുളള ബബിള്‍ ടോപ്പ് ഡിസ്‌പെന്‍സറുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കേണ്ടതാണ്.