Monday 22nd of July 2019

ജനങ്ങളെ ഒന്നിപ്പിച്ചതിലൂടെ ദുരന്തത്തെ വളരെ വേഗം അതിജീവിക്കാന്‍ കഴിഞ്ഞു

Category: Kozhikode Published: Saturday, 12 January 2019
കോഴിക്കോട്: ജനങ്ങളെ ഒന്നിപ്പിച്ചതിലൂടെ ദുരന്തങ്ങളെ അതിജീവിക്കുന്ന കാര്യത്തില്‍ വളരെ വേഗം മുന്നോട്ട് പോകാന്‍ കഴിഞ്ഞുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അഗസ്ത്യന്‍മൂഴിയില്‍ മലയോര മഹോത്സവം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെ ഉലച്ച മാസങ്ങളാണ് കഴിഞ്ഞുപോയത്. നമ്മുടെ സംസ്ഥാനവും ഈ സമയങ്ങളില്‍ വല്ലാത്ത പ്രതിസന്ധിയാണ് നേരിട്ടത്. ആ പ്രതിസന്ധികളെയല്ലാം നിശ്ചയദാര്‍ഢ്യത്തോടെ ഏറ്റെടുത്ത് നവകേരളം സൃഷ്ടിക്കും എന്ന ലക്ഷ്യ ബോധത്തോട് കൂടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളാണ് ജനങ്ങളെ ഒന്നിപ്പിച്ചത്. ഇത് ഏത് പ്രതിസന്ധികളെയും നേരിടാന്‍ കഴിയുന്നവരാണ് മലയാളികള്‍ എന്ന് ലോകത്തിന് മുമ്പില്‍ തെളിയിച്ചു. ചുമതലാ ബോധമുള്ള ഒരു രക്ഷിതാവിന്റെ സ്ഥാനത്ത് നിന്നാണ് സര്‍ക്കാര്‍ ദുരന്തത്തെ അതിജീവിച്ചത്. നവകേരള നിര്‍മ്മിതിക്കുള്ള പ്രയാണത്തില്‍ ജനജീവിതം സാധാരണ നിലയിലാക്കാനുള്ള സന്ദേശം ഉള്‍കൊണ്ടാണ് മലയോരത്ത് ഇത്തരമൊരു മഹോത്സവം സംഘടിപ്പിക്കാനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 
ദുരന്ത കാലത്ത് മാത്രമല്ല എല്ലാ കാലത്തും കര്‍ഷക ജനത ദുരിതമനുഭവിക്കുകയാണ്. ഇതിനെ അതിജീവിക്കാന്‍ പരമ്പരാഗത രീതിയിലുള്ള മാര്‍ഗങ്ങള്‍ കൂടാതെ നവീന രീതികളും അവലംബിക്കണം. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ തൊഴിലവസരങ്ങലും നൂതന സംരംഭങ്ങളും ഉണ്ടാക്കാന്‍ കഴിയുമെന്നും ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.