Saturday 19th of January 2019

വനിതാ മതില്‍ നവോത്ഥാന കേരളത്തിന്റെ നിലനില്‍പിനുവേണ്ടി

Category: Kozhikode Published: Saturday, 15 December 2018
കോഴിക്കോട് : വീണ്ടും കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങള്‍ക്കെതിരെയുളള വനിതകളുടെ ചെറുത്തുനില്‍പ്പായി ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതില്‍ മാറുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സാസംരിക്കുകയായിരുനന്നു അദ്ദേഹം. കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാനുളള സംഘടിത നീക്കമാണ് നടക്കുന്നത്. നവോത്ഥാന മൂല്യങ്ങളളെ  സംരക്ഷിക്കുന്നതിനും ഭരണഘടനാ ഉറപ്പു നല്‍കുന്ന സ്ത്രീ പുരുഷ സമത്വം പാലിക്കുന്നതിനും മതനിരപേക്ഷത ഉറപ്പുവരുത്തുന്നതിനുളള സ്ത്രീകളുടെ മുന്നേറ്റമാണിത്. ഇതിനെ വര്‍ഗ്ഗീയമായി വ്യാഖ്യാനിക്കുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. സ്ത്രീകളുടെ മാത്രം പരിപാടിയാണ്. സര്‍ക്കാര്‍ ഇതിന് ഫണ്ട് ചെലവഴിക്കുന്നില്ല. ജില്ലയില്‍ വനിതാ മതിലില്‍ സ്ത്രീകളെ അണിനിരത്തുന്നതിന് വിപുലമായ പരിപാടികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
 
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ മാസം 20 നകം പ്രദേശിക സംഘാടക സമിതികള്‍ രൂപീകരിക്കണം. തദ്ദേശഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നേതൃത്വം നല്‍കണം. ഈ മാസം 25 നകം അയല്‍ക്കൂട്ടം, കുടുംബശ്രീ യൂണിറ്റുതല യോഗങ്ങള്‍ ചേരണം. വ്യാപകമായി പ്രദേശിക തലത്തില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. 15,16 തീയതികളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം സംഘടിപ്പിക്കണം.  മൈക്ക് , കുടിവെളളം എന്നിവ പ്രദേശികതലത്തില്‍ ഉറപ്പുവരുത്തണം. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കണം. കുടംബശ്രീ, ഐ.സി.ഡി.എസ് ആശാ വര്‍ക്കര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു. മെഡിക്കല്‍ ടീമിന്റെ സാന്നിദ്ധ്യവുമുണ്ടാകും. ജില്ലാതല ഏകോപന ചുമതല ജില്ലാകലക്ടര്‍ക്കാണ്. യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, എ.ഡി.എം. രോഷ്ണി നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധൂസൂദനന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.