Saturday 15th of December 2018

കുഷ്ഠരോഗ നിര്‍ണയ പ്രചരണ പരിപാടിക്ക് തുടക്കമായി

Category: Kozhikode Published: Thursday, 06 December 2018
കോഴിക്കോട : സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ബീച്ച് ഗവ.ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി  ഉദ്ഘാടനം നിര്‍വ്വഹിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടു പിടിച്ച് രോഗം തീര്‍ത്തും ഇല്ലാതാക്കാന്‍ ഗൗരവപൂര്‍വ്വമായ സമീപനത്തിന് ജനങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 
                ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അധ്യക്ഷയായി. ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ശ്രീകുമാര്‍ മുകുന്ദന്‍ പദ്ധതി വിശദീകരിച്ചു. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സരള നായര്‍, ബീച്ച് ആശുപത്രി ആര്‍.എം.ഒ ഡോ. സജി, കോട്ടപ്പറമ്പ് ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍, മലബാര്‍ ഡെര്‍മറ്റോളജി ക്ലബ് പ്രസിഡന്റ് ഡോ.പ്രസന്നകുമാര്‍, ജില്ലാ മാസ് മിഡീയ ഓഫീസര്‍ എം.പി. മണി  തുടങ്ങിയവര്‍ സംസാരിച്ചു.
        പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകരും, സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന ടീം രോഗനിര്‍ണ്ണയത്തിനായി ജില്ലയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശനം നടത്തും. ഈ മാസം 18 വരെ കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളിലാണ് കുഷ്ഠരോഗ നിര്‍ണ്ണയം നടത്തുന്നത്. 7,78,626 വീടുകളിലെ രണ്ടുവയസ്സിനു മുകളിലുളള മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കും
        ജില്ലയിലെ ഹൈസ്‌കൂളൂകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരത്തിലും ജില്ലാതല ക്വിസ് മത്സരത്തിലും ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് ഉദ്ഘാടന പരിപാടിയില്‍ സമ്മാനം നല്‍കി. അശ്വമേധം ഉള്‍പ്പെടെയുള്ള ആരോഗ്യ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഹോട്ട് എയര്‍ ബലൂണ്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ പറത്തിയാണ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.