Thursday 21st of March 2019

വയോജനങ്ങള്‍ക്കായി പകല്‍വീടൊരുങ്ങുന്നു

Category: Kozhikode Published: Thursday, 09 August 2018
കോഴിക്കോട് :  ജീവിത സായാഹ്നത്തില്‍ വിരസതയില്ലാതെ വയോജനങ്ങള്‍ക്ക് പരസ്പരം ആശയങ്ങള്‍ പങ്കുവെയ്ക്കുന്നതിനും വര്‍ധക്യത്തെ ശുഭചിന്തകളോടെ അഭിമുഖീകരിക്കുന്നതിനുമായി ബേപ്പൂരില്‍ പകല്‍വീടൊരുങ്ങുന്നു. ബേപ്പൂര്‍ 50ാം ഡിവിഷനിലെ മാഹിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പകല്‍വീടിന്റെ ഉദ്ഘാടനം ഈ മാസം  15 ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. പഞ്ചായത്ത് ഭരണക്കാലത്ത് വാങ്ങിയ 10 സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ ചെലവിലാണ് രണ്ടു നില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇതേ സ്ഥലത്ത് മാറാട് മത്സ്യഗ്രാമം ശുദ്ധജല വിതരണത്തിനായി നിര്‍മ്മിച്ച കിണറും ജലവിതരണ ടാങ്കും അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. വിശ്രമ മുറി, ഹാള്‍, ബാത്ത്‌റൂം, കിച്ചണ്‍, മുകളില്‍ വിശാലമായ ഹാള്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ എത്തുന്നവര്‍ക്കായി പത്രങ്ങള്‍, മാസികകള്‍, ടിവി, കാരംസ് തുടങ്ങിയവയും ഒരുക്കുമെന്ന് വാര്‍ഡ് മെമ്പര്‍ പേരോത്ത് പ്രകാശന്‍ പറഞ്ഞു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് പകല്‍വീട് പ്രവര്‍ത്തിക്കുക.