Thursday 16th of August 2018

ബാലാവകാശ കമ്മീഷന്‍ ജില്ലാ കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്‍കി

Category: Kozhikode Published: Wednesday, 16 May 2018
കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ജില്ലാ കൗണ്‍സിലര്‍മാര്‍ക്കായി ഏകദിന പ്രായോഗിക പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു. കൗണ്‍സിലര്‍മാര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച്‌കൊണ്ട് കുട്ടികള്‍ക്ക് നീതി ഉറപ്പുവരുത്താന്‍ ശക്തമായൊരു അടിത്തറ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ എന്‍ എല്‍ പി വിദഗ്ധന്‍ ദിനു നൈറ്റ് ക്ലാസെടുത്തു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും അവകാശ ലംഘനങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അധ്യാപകരുള്‍പ്പെടുന്ന കൗണ്‍സിലര്‍മാര്‍ക്കായി പരിശീലന പരിപാടികള്‍ സംസ്ഥാനമൊട്ടാകെ നടത്തിവരുന്നതിന്റെ ഭാഗമായാണ്് നടക്കാവ് ഖത്തര്‍ പ്ലാസയില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചത്. 
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ അധ്യാപകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനാകും എന്നതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ശക്തമായ ബോധവത്ക്കരണ ക്ലാസുകള്‍ സംസ്ഥാനത്തുടനീളം തുടരുമെന്നും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് നിയമങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക്  അവബോധം നല്‍കാന്‍ കൗണ്‍സിലര്‍മാര്‍ക്ക് കഴിയേണ്ടതുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ അംഗം എന്‍ ശ്രീല മേനോന്‍ അറിയിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റെബല്ലോ, ബാലാവകാശ കമ്മീഷന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആര്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.