Sunday 22nd of April 2018

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ്: ഇന്റലിജന്‍സ് സോഫ്റ്റ്‌വെയര്‍ ഒരുവര്‍ഷത്തിനകം

Category: Kozhikode Published: Monday, 08 January 2018
കോഴിക്കോട്: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിക്കാനായി ഇന്റലിജന്‍സ് സോഫ്റ്റ്് വെയര്‍ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഒരു വര്‍ഷത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സോഫ്റ്റ് വെയര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കെട്ടിടനിര്‍മ്മാണ അനുമതിയ്ക്കായി ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസുമായി ബന്ധപ്പെടേണ്ട സൗഹചര്യം ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു. 
മലബാര്‍ പാലസ് ഹോട്ടലില്‍ കോഴിക്കോട് നഗരത്തിന്റെ പാര്‍ക്കിംഗ് നയരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സംസ്ഥാനത്തെ പല പ്രധാന നിര്‍മ്മാണ പ്രവൃത്തികളും നീണ്ടുപോകുന്നതിന് മാറ്റം വരുത്താനായാണ് കെട്ടിടനിയമങ്ങള്‍ ഭേദഗതി വരുത്തിയത്. ഇതോടെ നിക്ഷേപ സൗഹൃദ കാര്യത്തില്‍ സംസ്ഥാനം മുന്നോട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആവുന്നതോടെ മേഖലയെ അഴിമതി വിമുക്തമാക്കാനും സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ സോഫ്റ്റ് വെയര്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ട്രയല്‍ റണ്ണിംഗ് ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിനോടെ സോഫ്റ്റ് വെയര്‍ കോര്‍പ്പറേഷനില്‍ പൂര്‍ണ്ണമായ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 
പാര്‍ക്കിംഗ് പോളിസികള്‍ കേരളത്തിലെ നഗരങ്ങളില്‍ നടപ്പാക്കാന്‍ സമയബന്ധിതമായി സര്‍ക്കാര്‍ ഇടപെടും. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പല മാസ്റ്റര്‍ പ്ലാനുകളും പാതിവഴിയിലാണ്. ഭേദഗതികള്‍ അനന്തമായി നീളുന്നതാണ് മാസ്റ്റര്‍ പ്ലാനുകള്‍ക്ക് കാലതാമസം വരുത്തിയത്. സംസ്ഥാനത്താദ്യമായി പാര്‍ക്കിംഗ് പോളിസി നിലവില്‍ വന്നത് കോഴിക്കോടാണെന്നും അദ്ദേഹം പറഞ്ഞു. 
നയരേഖ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങി. ഡോ.എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.