Sunday 16th of December 2018

ഗാന്ധിയന്‍ ജീവിതമാതൃക പഠിപ്പിച്ച് ഗ്രാമദര്‍ശന്‍ സംഗമം

Category: Kannur Published: Thursday, 28 April 2016
പയ്യന്നൂര്‍: പുതുതലമുറയ്ക്ക് ഗാന്ധിയന്‍ ജീവിതമാതൃകകളെ പരിചയപ്പെടുത്താന്‍ യൂത്ത് ഫോര്‍ വെര്‍ത്ത് എന്ന സന്ദേശവുമായി ഗ്രാമദര്‍ശന്‍ യുവജന നേതൃത്വ പഠന സംഗമം.ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് യുവജന മുന്നേറ്റം അനിവാര്യമെന്ന തിരിച്ചറിവിലാണ് ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പഠനസംഗമം സംഘടിപ്പിച്ചത്. മഹാത്മജിയുടെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന പയ്യന്നൂര്‍ ആനന്ദതീര്‍ത്ഥാശ്രമത്തില്‍ നടന്ന സംഗമം പ്രമുഖ ഗാന്ധിയന്‍ ചിന്തകനായ ഡോ.എം.പി.മത്തായി ഉദ്ഘാടനം ചെയ്തു.
 
'ഗ്രാമസ്വരാജ് പഞ്ചായത്ത് രാജിലൂടെ', 'മതനിരപേക്ഷതയും സഹിഷ്ണുതയും', 'ജൈവസംസ്‌കൃതിയും പരിസ്ഥിതി സംരക്ഷണവും', 'ഗാന്ധിയന്‍ ദര്‍ശനങ്ങളും യുവതയും'  തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍, ആശുപത്രി, ഗ്രന്ഥശാല എന്നിവിടങ്ങളിലേക്ക് പഠനയാത്രയും ആശ്രമത്തില്‍ മഹാത്മജി നട്ട ഗാന്ധി മാവിന്‍ചോട്ടില്‍ നിന്ന് ഉളിയത്ത് കടവിലേക്ക് തീര്‍ത്ഥയാത്രയും സംഘടിപ്പിച്ചു. പ്രമുഖ ഗാന്ധിയന്‍ ചിന്തകരായ ഡോ പി വി രാജഗോപാല്‍, കെ ജി ജഗദീശ്, എം കെ ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടി വി സുരേന്ദ്രന്‍, വി പി അപ്പുക്കുട്ടപ്പൊതുവാള്‍, പ്രൊഫ എം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.എന്‍ ലക്ഷ്മണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എ.കെ.പി നാരായണന്‍ സ്വാഗതവും ആര്‍ പ്രഭാകരന്‍ നന്ദിയും പറഞ്ഞു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അന്‍പതോളം യുവതീയുവാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു.