Friday 22nd of November 2019

ഉപതെരഞ്ഞെടുപ്പ്; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

Category: Kannur Published: Thursday, 17 October 2019
 
 
കണ്ണൂര്‍:  രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഏഴിമല, കണ്ണൂര്‍ കോര്‍പ്പറേഷനിലെ എടക്കാട്, തലശ്ശേരി നഗരസഭയിലെ ടെമ്പിള്‍ ഗേറ്റ് എന്നീ നിയോജക മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.
 
വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദമോ, ആക്ഷേപമോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്ക് ഒക്ടോബര്‍ 30 നകം സമര്‍പ്പിക്കേണ്ടതാണ്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 13ന് പ്രസിദ്ധീകരിക്കും. 
 
ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായി. തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് കുറ്റമറ്റ വോട്ടര്‍പട്ടിക അനിവാര്യമായതിനാല്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച എല്ലാ നടപടികളും നിയമാനുസൃതവും കാര്യക്ഷമവുമായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.   
 
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തുന്നത് മുതല്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ചും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.