Saturday 24th of August 2019

സ്ത്രീകളെ തകര്‍ക്കാനുള്ള ഉപകരണമായി സോഷ്യല്‍ മീഡിയ മാറുന്നു

Category: Kannur Published: Friday, 19 July 2019
 
 
കണ്ണൂര്‍:  സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അപമാനിക്കുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായി സംസ്ഥാന വനിത കമ്മീഷന്‍. സ്ത്രീകളെ തകര്‍ക്കുന്നതിനും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇന്ന് സോഷ്യല്‍ മീഡിയയാണ് കൂടുതലായി ഉപയോഗിക്കുന്നത്. സ്ത്രീകളെ തകര്‍ക്കാനുള്ള എളുപ്പവഴി അവര്‍ക്കെതിരെ അനാശാസ്യം ആരോപിക്കുക എന്നതാണെന്ന് വനിത കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. 
 
സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വനിത പഞ്ചായത്ത് അംഗം നല്‍കിയ പരാതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. 'കുരുക്ഷേത്ര കുരുക്ഷേത്ര' എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് ഇവര്‍ക്കെതിരെ വ്യാജ പ്രചരണം നടത്തുന്നത്. സംഭവത്തില്‍ പോലീസിനോടും സൈബര്‍ സെല്ലിനോടും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ കമ്മീഷന്‍ തീരുമാനിച്ചു. 
 
പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായ നിയമലംഘനവുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ ലഭിച്ചു. വിധവയായ സ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ എസ് ഐ സന്ദേശങ്ങള്‍ അയക്കുന്നുവെന്ന പരാതിയില്‍ അടുത്ത അദാലത്തില്‍ എസ് ഐയെ വിളിച്ചുവരുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴും എസ് ഐ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു.
 
മരണപ്പെട്ട ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സഹോദരനെ വിളിച്ചുവരുത്തും. പാലക്കാടുള്ള റിട്ടയേര്‍ഡ് സി ഐക്കെതിരെയാണ് ഇരിട്ടി സ്വദേശി പരാതിനല്‍കിയിരിക്കുന്നത്. ഓട്ടിസം ബാധിച്ച 21 കാരിയായ മകള്‍ക്കൊപ്പമാണ് പരാതിക്കാരി അദാലത്തിനെത്തിയത്. 
 
മാതമംഗലത്ത് പ്രവര്‍ത്തിക്കുന്ന ആര്യവൈദ്യ ഫാര്‍മസി കോയമ്പത്തൂര്‍ ലിമിറ്റഡില്‍ 3400 രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീക്ക് ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ശമ്പളം നിഷേധിച്ച സംഭവത്തില്‍ ലേബര്‍ ഓഫീസറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടും. 18 വര്‍ഷമായി ഇവര്‍ ഈ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഇവര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. തുടര്‍ന്ന് ഇവര്‍ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ലേബര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.
 
കണ്ണൂരുകാരിയെ ഹരിയാന സ്വദേശി വിവാഹം കഴിക്കുകയും തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ ഹരിയാന വനിത കമ്മീഷനുമായി ബന്ധപ്പെടും. പോസ്റ്റല്‍ വകുപ്പില്‍ ജോലി ചെയ്യുന്ന ഇയാളുടെ ആനുകൂല്യങ്ങള്‍ ആദ്യ ഭാര്യയിലെ മക്കള്‍ക്ക് നല്‍കുന്നതിനാണ് തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്നും കടുത്ത പീഡനം നേരിട്ടതിനെത്തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്നും പരാതിയില്‍ പറയുന്നു. ഇദ്ദേഹത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്ക്കാന്‍ ഹരിയാന ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിനോട് ആവശ്യപ്പെടാനും കമ്മീഷന്‍ തീരുമാനിച്ചു. 
 
ഗാര്‍ഹിക പീഡന കേസുകള്‍, സ്വത്ത് തര്‍ക്കങ്ങള്‍, വഴിത്തര്‍ക്കങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിച്ചു. 118 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 37 കേസുകള്‍ തീര്‍പ്പാക്കുകയും 71 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റുകയും ചെയ്തു. 20 കേസുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.