Saturday 24th of August 2019

അഴീക്കല്‍ തുറമുഖത്തിന്റെ വ്യാപാര സാധ്യതകളിലേക്ക് വാതില്‍ തുറന്ന് ട്രേഡ് മീറ്റ്

Category: Kannur Published: Tuesday, 16 July 2019
 

സപ്തംബര്‍ മുതല്‍ ചരക്ക് കപ്പലുകള്‍ സര്‍വീസ് തുടങ്ങും

 
കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തിന്റെ വ്യാപാര വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും ഇറക്കുമതി-കയറ്റുമതി സാധ്യതകളെ കുറിച്ചും ഗൗരവമേറിയ ചര്‍ച്ചകളുമായി അഴീക്കല്‍ പോര്‍ട്ട് ട്രേഡ് മീറ്റ് 2019. ഹോട്ടല്‍ ബ്ലൂനെയിലില്‍ കേരള മാരിടൈം ബോര്‍ഡ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നൂറിലേറെ പ്രമുഖര്‍ പങ്കെടുത്തു. 
 
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടെ അഴീക്കല്‍ തുറമുഖത്തിന്റെ വ്യാപാര സാധ്യതകള്‍ ഏറെ വര്‍ധിച്ചതായി മീറ്റ് ഉദ്ഘാടനം ചെയ്ത തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയണമെങ്കില്‍ റോഡും പാലവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടി വികസിക്കേണ്ടതുണ്ട്. 723 കോടി രൂപയുടെ സിറ്റി റോഡ് വികസനം ഉള്‍പ്പെടെ വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇവ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കണമെങ്കില്‍ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും വലിയ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 
 
വ്യാപാരത്തിനു പുറമെ, വിനോദസഞ്ചാര രംഗത്തും തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം സപ്തംബര്‍ മുതല്‍ അഴീക്കല്‍ തുറമുഖത്തേക്ക് ചരക്കു കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ഗുജറാത്ത് കമ്പനിയായ ശ്രീകൃഷ്ണ ലോജിസ്റ്റിക്സുമായി മാരിടൈം ബോര്‍ഡ് കരാറിലെത്തിയതായി ബോര്‍ഡ് ചെയര്‍മാന്‍ വി ജെ മാത്യു പറഞ്ഞു. തുടക്കത്തില്‍ പ്രതിമാസം എട്ട് സര്‍വീസുകള്‍ നടത്താനാണ് ധാരണയായിട്ടുള്ളത്. 
 
ചുരുങ്ങിയത് 50 കണ്ടെയ്നറുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലുകളാണ് സര്‍വീസ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഇതു വഴി കണ്ടെയിനറുകള്‍ കൊണ്ടുവരാന്‍ വിവിധ വ്യാപാരികളില്‍ നിന്ന് ആവശ്യത്തിന് ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഓര്‍ഡറുകള്‍ കൂടുന്നതിനനുസരിച്ച് സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും. 
 
വലിയ കപ്പലുകള്‍ തുറമുഖത്ത് എത്തിക്കുന്നതിന്റെ ഭാഗമായി ചാനലിന്റെ ആഴം ആദ്യഘട്ടത്തില്‍ ഏഴ് മീറ്ററായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മൂന്ന്-നാല് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കല്‍ തുറമുഖത്തെ അന്താരാഷ്ട്ര തുറമുഖമായി മാറ്റിയെടുക്കുന്നതിനാവശ്യമായ കസ്റ്റംസ്, എമിഗ്രേഷന്‍, വെയര്‍ഹൗസ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. തുറമുഖ വകുപ്പിന് കീഴിലായിരുന്ന സമയത്ത് പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഉണ്ടായിരുന്ന നടപടക്രമങ്ങളും കാലതാമസവും ലഘൂകരിക്കാന്‍ പുതിയ മാരിടൈം ബോര്‍ഡ് നിലവില്‍ വന്നതോടെ സാധിച്ചിട്ടുണ്ടെന്നും തുറമുഖത്തിന്റെ വികസനം വേഗത്തിലാക്കാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
തുറമുഖത്തേക്കും തിരിച്ചും സാധനങ്ങളെത്തിക്കാന്‍ വലിയ കണ്ടെയിനര്‍ ലോറികള്‍ക്ക് സുഗമമായ ഗതാഗതം സാധ്യമാവുന്ന നല്ല റോഡുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മികച്ച തുറമുഖമായി മാറാന്‍ അഴീക്കലിന് സാധിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വ്യാപാരി-വ്യവസായി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ കണ്ടെയ്‌നറുകള്‍ ഒന്നിച്ച് എത്തിക്കാനുള്ള സൗകര്യം, എത്തുന്ന ഷിപ്മെന്റുകള്‍ എത്രയും വേഗം ക്ലിയര്‍ ചെയ്യുന്നതിനും പുറത്തെത്തിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ എന്നിവ ഒരുക്കണം. ലക്ഷദ്വീപിലേക്കുള്ള ചരക്കു വ്യാപാരത്തിന് മുന്തിയ പരിഗണന നല്‍കണം. തുറമുഖത്തിന്റെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മീറ്റില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 
 
കൊച്ചി കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന്‍, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ കാപ്റ്റന്‍ അശ്വിനി പ്രതാപ്, കേരള മാരിടൈം ബോര്‍ഡ് അംഗം പ്രകാശ് അയ്യര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ ആര്‍ വിനോദ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം സുധീര്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാപാര പ്രതിനിധികള്‍, ഷിപ്പിംഗ് ലൈന്‍ ഉടമകള്‍, ഷിപ്പിംഗ് ഏജന്റുമാര്‍, കസ്റ്റംസ്-തുറമുഖ ഉദ്യോഗസ്ഥര്‍, കൂര്‍ഗ്, കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഴീക്കലിലേക്ക് ചരക്കു കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന ശ്രീകൃഷ്ണ ലോജിസ്റ്റിക്സ് ഡയരക്ടര്‍ അഭയ് കുണ്ടാലിയ, കാപ്റ്റന്‍ വിവേക് ശ്രീവാസ്തവ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.