Saturday 24th of August 2019

സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്നുവരണം

Category: Kannur Published: Monday, 15 July 2019

കണ്ണൂര്‍:  അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട് നയരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

യാഥാസ്ഥിക ആശയക്കാരാണ് സമൂഹത്തെ പിന്നോട്ട് നയിക്കുന്നത്. അനാചാരങ്ങളെ എതിര്‍ക്കുന്നവരെയും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയും എതിരാളികളായി ചിത്രീകരിക്കുന്നു. ഇത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവര്‍ പറഞ്ഞു. 

സമത്വം എന്നത് രാജ്യത്തിന്റെ ഭരണഘടനയില്‍ എഴുതിയാന്‍ മാത്രം പോര. അത് പ്രാവര്‍ത്തികമാക്കാനായി രാഷ്ട്ട്രീയ-സാമൂഹിക മുന്നേറ്റങ്ങള്‍ ഉയരണം. കേരളം ഒറ്റപ്പെട്ട തുരുത്തല്ല. രാജ്യത്തുണ്ടാകുന്ന സാമൂഹിക അവസ്ഥ കേരളത്തെയും ബാധിക്കും. അതിനാല്‍ വര്‍ധിച്ചുവരുന്ന സ്ത്രീവിരുദ്ധതയെ ചെറുക്കാന്‍ ശാസ്ത്രബോധമുള്ള മനസ്സുകള്‍ ഉണ്ടാകണമെന്നും വിദ്യാര്‍ഥികളില്‍ ശാസ്ത്ര പഠനം വളര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

ശാരീരിക വ്യത്യാസത്തിന്റെ പേരിലാണ് സ്ത്രീകള്‍ക്കെതിരെ അസമത്വം കാണിക്കുന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന നിരോധനങ്ങള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വമാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന്് മുന്നോടിയായുള്ള ആര്‍ത്തവ പ്രക്രിയയുടെ പേരില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ഇത് അനുവദിക്കരുതെന്നും എല്ലാ മേഖലകളിലും സ്ത്രീപ്രാതിനിധ്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിവരശേഖണത്തിന്റെ ഭാഗമായാണ് ജന്റര്‍ സൗഹൃത പഞ്ചായത്ത് കരട് നയരേഖ തയ്യാറാക്കിയത്. ഇത് പ്രകാരം പഞ്ചായത്തിലെ ജന്റര്‍ റിസോഴ്സ് സെന്ററുകള്‍ വഴി തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കും. അതിനായി പഞ്ചായത്ത് പരിധിയിലെ അഭ്യസ്ഥവിദ്യരായ വനിതകളുടെ വിവരശേഖരണം നടത്തും. 

യോഗ്യത മാനദണ്ഡമാക്കിയാണ് തൊഴില്‍ പരിശീലനം നല്‍കുക. നിയമസഹായ കേന്ദ്രമായും ജന്റര്‍ റിസോഴ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. പഞ്ചായത്തിലെ മുഴുവന്‍ തൊഴില്‍ സ്ഥാപനങ്ങളിലും മുലയൂട്ടല്‍ കേന്ദ്രങ്ങളും ശൗചാലയങ്ങളും സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും സ്ത്രീ സൗഹൃദമാക്കും. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും നിലവിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും കരട് നയരേഖ ലക്ഷ്യമിടുന്നു.

പെരളശ്ശേരി എകെജി സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയപുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത് അംഗം പി ഗൗരി, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍, പഞ്ചായത്ത് സെക്രട്ടറി അശോകന്‍ മലപ്പിലായി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ പി വി രഹ്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

 

സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്നുവരണം