Thursday 23rd of May 2019

പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം

Category: Kannur Published: Tuesday, 09 April 2019
 
 
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും സഹകരണം ജനറല്‍ ഒബ്സര്‍വര്‍ ജൂലി സോണോവല്‍, പോലിസ് ഒബ്സര്‍വര്‍ ഓം പ്രകാശ് ത്രിപാഠി എന്നിവര്‍ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഇലക്ട്രിക് പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ പോസ്റ്ററുകളും ബോര്‍ഡുകളും ബാനറുകളും മറ്റും സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും അവര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണെങ്കില്‍ സ്ഥലം ഉടമകളില്‍ നിന്നുള്ള അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്നും നിരീക്ഷകര്‍ പറഞ്ഞു.
 
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അച്ചടിക്കുന്ന പോസ്റ്ററുകള്‍, ലഘുലേഖകള്‍ തുടങ്ങിയവയില്‍ പബ്ലിഷറുടെയും പ്രിന്ററുടെയും പേരും പ്രിന്റ് ചെയ്യുന്ന കോപ്പിയുടെ എണ്ണവും കാണിക്കണം. അതോടൊപ്പം പ്രിന്റിംഗ് ചെലവ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും വേണമെന്നാണ് നിയമം. എന്നാല്‍ ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടപ്രകാരം സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കല്‍ ആരംഭിക്കുന്നത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച തീയതി മുതലാണ്. ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമാനുസൃതമായി പതിച്ച പോസ്റ്ററുകള്‍ ഫ്ളയിംഗ് സ്‌ക്വാഡുകള്‍ രാഷ്ട്രീയ പ്രേരിതമായി നശിപ്പിക്കുന്നതായി യോഗത്തില്‍ കെ കെ രാഗേഷ് എംപി (സിപിഐഎം) പറഞ്ഞു. റേറ്റ് ചാര്‍ട്ടിലെ പൊരുത്തക്കേടുകളെ കുറിച്ചും യോഗത്തില്‍ പരാതിയുയര്‍ന്നു. ഇതേക്കുറിച്ച് ബന്ധപ്പെട്ടവരുമായി അന്വേഷിച്ച ശേഷം തീരുമാനം എടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ഥികളുടെ കൂറ്റന്‍ ബോര്‍ഡുകള്‍ നിരവധിയുണ്ടെന്നും അവ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണമെന്നും ടി ഒ മോഹനന്‍ (ഐഎന്‍സി) ആവശ്യപ്പെട്ടു. 
 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത കാണിക്കണം. ഫോണില്‍ വിളിച്ച് അറിയിക്കുന്നതോടൊപ്പം അവ രേഖാമൂലം അറിയിച്ചാല്‍ നടപടിയെടുക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്ത് ആശങ്കകളും തങ്ങളെ ഫോണില്‍ വിളിച്ചോ നേരിട്ടോ അറിയിക്കാമെന്ന് നിരീക്ഷകര്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ 10 മണി വരെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ നേരിട്ട് സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) എ കെ രമേന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.