Thursday 22nd of August 2019

ജില്ലാ പഞ്ചായത്തിന് മിച്ച ബജറ്റ്

Category: Kannur Published: Monday, 11 February 2019
കതിരണിപ്പാടം, ആയുര്‍ ദീപ്തം, മധുരം വാര്‍ധക്യം
 
കണ്ണൂര്‍: കാര്‍ഷിക സ്വയംപര്യാപത്തയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കി, സാമൂഹിക, ആരോഗ്യ മേഖലകളില്‍ കനിവിന്റെയും ആര്‍ദ്രതയുടെയും കരസ്പര്‍ശമേകി ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ മിച്ച ബജറ്റ്. നെല്‍കൃഷിക്കായി കതിരണിപ്പാടം, പുഷ്പകൃഷിക്കായി ഫ്‌ളോറി കള്‍ച്ചര്‍ ക്ലസ്റ്റര്‍, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, മുതിര്‍ന്നവര്‍ക്കായി മധുരം വാര്‍ധക്യം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി എജ്യു ഗൈഡ്, കാന്‍സര്‍ പ്രതിരോധത്തിന് ആയുര്‍ ദീപ്തം, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി അന്‍പ്, വിദ്യാര്‍ഥികള്‍ക്കായി ടീന്‍ സയന്റിയ, പൂമ്പാറ്റ ഫിലിം ഫെസ്റ്റിവല്‍, പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പാത്ത് ഫൈന്‍ഡര്‍ തുടങ്ങിയവയാണ് ബജറ്റിലെ നൂതന പദ്ധതികള്‍. ഇതിനൊപ്പം വികസന തുടര്‍ച്ച ഉറപ്പാക്കി  128,08,67,000 രൂപ വരവും 120,36,26,000 രൂപ ചെലവും കണക്കാക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് പി.പി ദിവ്യ അവതരിപ്പിച്ചത്. 7,72,41,000 രൂപയാണ് മിച്ചം. നിലവിലെ ഭരണ സമിതിയുടെ നാലാമത്തെ ബജറ്റാണിത്. ബജറ്റിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഇവയാണ്.
 
ഫ്‌ളോറി കള്‍ച്ചര്‍ ക്ലസ്റ്ററുകള്‍, തേന്‍ ബ്രാന്‍ഡിംഗ്
 
മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി രൂപാന്തരപ്പെടുത്തുകയും വന്‍തോതില്‍ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്ത നെല്‍വയലുകളെ തിരിച്ച് പിടിക്കാന്‍ കതിരണിപ്പാടം പദ്ധതി ആവിഷ്‌കരിക്കും. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാവുന്നതോടെ പാരിസ്ഥിക വ്യവസ്ഥയുടെ സുസ്ഥിരത നഷ്ടപ്പെടുകയും കാര്‍ഷിക രംഗത്തെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു സാഹചര്യത്തിലാണിത്.
 
കാര്‍ഷിക മേഖലയില്‍ നടത്തിയ ശ്രദ്ധാപൂര്‍വ്വമായ ഇടപെടലായിരുന്നു ജില്ലയിലെ 37 ഗ്രാമങ്ങളെ കാര്‍ഷികസ്വയംപരാപ്ത ഗ്രാമങ്ങളായി പ്രഖ്യാപിച്ചത്. 2019-20 ഓടെ 20 ഗ്രാമങ്ങളെക്കൂടി ഉള്‍പ്പെടുത്തി 57 ഗ്രാമങ്ങളെ കാര്‍ഷിക സ്വയംപര്യാപ്തമാക്കും. തേനീച്ച കൃഷി പ്രോത്സാഹിപ്പിച്ച് സമ്പൂര്‍ണ വിജയമായ തേന്‍ ജില്ല പദ്ധതിയുടെ തുടര്‍ച്ചയായി തേന്‍ ശേഖരിച്ച് ബ്രാന്റിംഗ് നടത്തും.
 
ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയായ കൈപ്പാട് കൃഷി വിപുലപ്പെടുത്തി കയമ രണ്ടാം ഘട്ടം നടപ്പിലാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഓണക്കാലത്ത് നടത്തിയ ചെണ്ടുമല്ലി കൃഷി വിജയിച്ചതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി സാധ്യതയുള്ള പൂക്കള്‍ക്കൂടി ഉദ്പാദിപ്പിക്കാന്‍ ഫ്‌ളോറി കള്‍ച്ചര്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കും 
 
ജൈവ വൈവിധ്യ സൗഹൃദ ജില്ലയാക്കി മാറ്റും
 
പരിസ്ഥിതിത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജൈവവൈവിധ്യ സംരക്ഷണത്തിനായി ആരാധനാലയങ്ങളെ ജൈവഇടങ്ങളായി സംരക്ഷിക്കുകയും വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കുകയും വ്യാപകമായ നക്ഷത്രമരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യും. കൊട്ടില ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൈവ വൈവിധ്യ സങ്കേതം മാതൃകാ കേന്ദ്രമാക്കും. കണ്ണൂരിനെ ജൈവ വൈവിധ്യ സൗഹൃദ ജില്ലയാക്കി മാറ്റും
പുഴസംരക്ഷണത്തിന്റെ ഭാഗമായി നടത്തുന്ന 'അഴുക്കില്‍ നിന്ന് അഴകിലേക്ക്' പദ്ധതിയുടെ തുടര്‍ച്ചയായി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. മലിനീകരണവും അനധികൃത മണല്‍ വാരലും പുഴക്ക് ഭീഷണിയായ സാഹചര്യത്തില്‍ പുഴ സംരക്ഷണത്തിനായി മനുഷ്യവേലികള്‍ തീര്‍ത്ത് പ്രതിരോധം സൃഷ്ടിക്കും. 
 
ചാണകവള സംസ്‌കരണ യൂണിറ്റ് 
 
മൃഗസംരക്ഷണമേഖലയിലെ സംരംഭകപ്രോത്സാഹനത്തിന് റിവോള്‍വിംഗ് ഫണ്ട് നല്‍കും. ക്ഷീരസഹകരണ സംഘം വഴി ക്ഷീര കര്‍ഷകരുടെ ഗ്രൂപ്പിന് ചാണകവള സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ധനസഹായം ലഭ്യമാക്കി ജൈവവള ലഭ്യത ഉറപ്പുവരുത്തും. സ്‌കൂളുകളില്‍ പൗള്‍ട്രി ക്ലബ് രൂപീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം നല്കുന്നതിനായി പദ്ധതി രൂപീകരിക്കും.
 
മത്സ്യവിപ്ലവത്തിനായി കൂട് കൃഷി
 
മത്സ്യസമ്പത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത് മറിക്കടക്കാനുള്ള മാര്‍ഗങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി കൂട് മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കും. തുറന്ന ജലാശയങ്ങളിലോ കടലിലോ കായലിലോ പുഴയിലോ നിയന്ത്രിതമായ ചുറ്റുപാടില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രത്യേകതരം തീറ്റ നല്‍കി വളര്‍ത്തി വിളവെടുക്കുന്ന കൂട് കൃഷിയിലൂടെ മത്സ്യവിപ്ലവം തന്നെ ജില്ലക്കകത്ത് സൃഷ്ടിക്കാവുന്നതാണ് . 
 
കണ്ണൂര്‍ ജില്ലയിലെ ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യകൃഷിയുടെ സാധ്യതപഠനത്തിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഈ മേഖലയില്‍ ഏറ്റെടുക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ നിര്‍ദേശിക്കാനും കൃഷി/മത്സ്യ വകുപ്പുകളെ ചുമതലപ്പെടുത്തും.
 
ഓട്ടിസമുള്ള കുട്ടികള്‍ക്കായി അന്‍പ്
 
ചുറ്റുപാടുകളുമായി ഇടപെടുന്നതില്‍ പല പരിമിതികളുള്ളവരാണ് ഓട്ടിസമുള്ള കുട്ടികള്‍. മറ്റുള്ളവരെ ഗൗനിക്കാതെയുള്ള സ്വഭാവ പ്രതികരണങ്ങള്‍ കാണിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് തൊട്ടടുത്തു നില്‍ക്കുന്ന മാതാപിതാക്കളെയോ സഹോദരങ്ങളെയോ അവരുടെ വികാരങ്ങളെയോ പരിഗണിക്കുകയും മാനിക്കുകയും ചെയ്യുന്നതിനും സ്വന്തം വൈകാരിക ആവശ്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനും പരിമിതികളുണ്ട്. സമപ്രായക്കാരുമായി സൗഹൃദങ്ങളില്‍ ഏര്‍പ്പെടാനും ഇത്തരം കുട്ടികള്‍ പ്രയാസം നേരിടുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി മോഡല്‍ ഡേ കെയര്‍ സെന്റര്‍അന്‍പ് ആരംഭിക്കുന്നതിന് ധനസഹായം നല്കും. 
 
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
 
നവോത്ഥാന മൂല്യ സംരക്ഷണത്തിനായി 'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം' എന്ന ആഹ്വാനം ചെയ്ത് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചരിത്ര പ്രദര്‍ശനവും സെമിനാറുകളും സംഘടിപ്പിക്കും. ജില്ലയിലെ ചരിത്രം ഉറങ്ങുന്ന വഴികള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതിനായി ചരിത്ര സൂചിക ഫലകങ്ങള്‍ സ്ഥാപിക്കും. ആദ്യഘട്ടമെന്ന നിലയില്‍ കരിവെള്ളൂര്‍കാവുമ്പായി റോഡരികില്‍ ചരിത്രം രേഖപ്പെടുത്തി വെക്കും. സ്ത്രീസമൂഹത്തിന് വഴികാട്ടിയാവാന്‍ ചട്ടുകപ്പാറയിലെ ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിനെ സജ്ജമാക്കും.
 
ട്രാന്‍സ് ജെന്‍ഡറുകള്‍ക്കായി എജ്യുഗൈഡ് 
 
ട്രാന്‍സ്‌ജെന്‍ഡറുകളെ വിദ്യാസമ്പന്നരാക്കാന്‍ എജ്യൂ ഗൈഡ് പദ്ധതി നടപ്പിലാക്കും. ട്രാന്‍സ് ജെന്‍ഡറുകളില്‍ പകുതിയോളം പേര്‍ക്ക് പോലും പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പഠന റിപ്പോര്‍ട്ട്. അമ്പത് ശതമാനം മാത്രമേ പത്താംക്ലാസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു. പ്ലസ് ടു വരെ എത്തുന്നവരാകട്ടെ 19 ശതമാനം മാത്രം. നല്ല ജോലി തേടുന്നതിന് അടിസ്ഥാന വിദ്യാഭ്യാസ കുറവ് ഇവര്‍ക്ക് തടസ്സമാവുന്ന സാഹചര്യത്തിലാണിത്. 
 
വയോജനങ്ങള്‍ക്കായി 'മധുരം വാര്‍ധക്യം'
 
വയോജന പരിപാലനം ഒരു സാമൂഹ്യ വിഷയമായി മാറുന്ന സാഹചര്യത്തില്‍ വാര്‍ധക്യം സുരക്ഷിതമാക്കാന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 'മധുരം വാര്‍ധക്യം' പദ്ധതി നടപ്പിലാക്കും. 65 കഴിഞ്ഞ വയോജനങ്ങള്‍ക്ക് 'അമൃതം ആരോഗ്യം' പദ്ധതിയിലൂടെ ജീവിതശൈലി രോഗങ്ങളുടെ ചികില്‍സ സൗജന്യമായി നല്‍കും. പകല്‍ വീടുകള്‍ കേന്ദ്രീകരിച്ച് വയോജനങ്ങള്‍ക്കായി ഹെല്‍ത്ത് ക്ലബുകള്‍ ആരംഭിക്കും.
 
സ്പീച്ച് പ്രോസസര്‍ മെയിന്റന്‍സിന് ധനസഹായം
 
ജന്‍മനാ കേഴ്‌വി നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള കോക്ലിയാര്‍ ഇംപ്ലാന്റ് സര്‍ജറി സര്‍ക്കാര്‍ പൂര്‍ണമായും സൗജന്യമായി ഇന്ന് നല്‍കിവരുന്നുങ്കെിലും കോക്ലിയാര്‍ ഇംപ്ലാന്റ് പ്രൊസസര്‍ മെയിന്റനന്‍സ് പല കുടുംബങ്ങള്‍ക്കും ബാധ്യതയായി മാറിയിട്ടുണ്ട്. ജില്ലയിലെ കോക്ലിയാര്‍ ഇന്‍പ്ലാന്റ് സര്‍ജറി നടത്തിയ മുഴുവന്‍ കുട്ടികളുടെയും സ്പീച്ച് പ്രോസസര്‍ മെയിന്റന്‍സിന് ആവശ്യമായ ധനസഹായം ജില്ലാ പഞ്ചായത്ത് നിര്‍വഹിക്കും.
 
ആയുര്‍ ദീപ്തം
 
കാന്‍സര്‍ രോഗ നിയന്ത്രണത്തിന് പ്രത്യേക നയം തന്നെ മുന്നോട്ടുവെച്ചുകൊണ്ട് മലബാര്‍ കാന്‍സര്‍ സെന്ററുമായി സംയോജിച്ച് കാന്‍സര്‍ പ്രതിരോധ നിയന്ത്രണ പദ്ധതി ആയുര്‍ദീപ്തം നടപ്പിലാക്കും. എയിഡ്‌സ് ബാധിതര്‍ക്ക് പോഷകാഹാര പുനരിധിവാസത്തോടൊപ്പം രോഗപ്രതിരോധ പദ്ധതി നടപ്പിലാക്കും. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി മരുന്ന് ലഭ്യമാക്കുന്ന പദ്ധതി തുടരും. ജില്ലാ ആശുപത്രിയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള പേവാര്‍ഡ് കോംപ്ലക്‌സ് നിര്‍മ്മിക്കും. ജില്ലാ ആശുപത്രിയിലെ ദന്തല്‍ യൂനിറ്റിനെ ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പനോരമിക് എക്‌സ്‌റേ സ്ഥാപിക്കും .  
 
സ്‌കൂളുകളില്‍ സ്റ്റുഡന്റ് ഡോക്ടര്‍, വീല്‍ ചെയര്‍, ടീന്‍ സയന്റിയ
 
ജില്ലയിലെ 72 ഹയര്‍ സെക്കന്‍ഡറി സ്‌കൂളകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 1440 വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍ത്ത് കേഡറ്റ് നയത്തിന്റെ ഭാഗമായി സ്റ്റുഡന്റ് ഡോക്ടര്‍ പദ്ധതി നടപ്പിലാക്കും. കുട്ടികളില്‍ ആരോഗ്യചിന്തയും പോഷകാഹാരശീലവും വര്‍ധിപ്പിക്കുന്നതോടൊപ്പം സാമൂഹ്യ സംവേദനത്തിന് കൂടി അവസരം ഒരുക്കാന്‍ സറ്റുഡന്റ് ഡോക്ടര്‍ പദ്ധതി സഹായിക്കും. ഗവ. ഹൈസ്‌കൂളുകളില്‍ അംഗപരിമിതരായ വിദ്യാര്‍ഥിക ള്‍ക്കായി വീല്‍ ചെയര്‍ നല്‍കും. ശാസ്ത്ര തല്‍പരരായ വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കാന്‍ സയന്‍സ് പാര്‍ക്കുമായി ബന്ധപ്പെടുത്തി ടീന്‍ സയന്റിയ പദ്ധതി ആവിഷ്‌കരിച്ച് കുട്ടി ശാസ്ത്രജ്ഞന്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്കും
 
പരിസ്ഥിതി സംരക്ഷണവും ശാസ്ത്രചിന്തയും വിഷയമാക്കി സ്‌കൂള്‍/സബ്ജില്ലാ/ ജില്ലാതലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല ഷോട്ട് ഫിലിം മത്സരം സംഘടിപ്പിക്കും.  വിദ്യാര്‍ത്ഥികള്‍ തന്നെ ചിത്രീകരണവും സംവിധാനവും നടത്തുന്ന ചിത്രങ്ങള്‍ക്കായി ഫിലിം ഫെസ്റ്റിവെല്‍പൂമ്പാറ്റ സംഘടിപ്പിക്കും. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി പാത്ത് ഫൈന്റര്‍ പദ്ധതി നടപ്പിലാക്കും  
 
സാമൂഹ്യക്ഷേമം
 
കുടുംബശ്രീ സംരഭകത്വ പ്രോത്സാഹനത്തിന് റിവോള്‍വിംഗ് ഫണ്ട് നല്കുകയും എന്റര്‍പ്രണേര്‍സ് മീറ്റ് സംഘടിപ്പിക്കുകയും ചെയ്യും. പട്ടിക ജാതി കുടുംബങ്ങള്‍ക്ക് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ പാര്‍പ്പിടസമുച്ചയം നിര്‍മ്മിക്കും. 
 
ഗ്രീന്‍ ഫോഴ്‌സ്
 
അത്യാഹിതങ്ങളും പ്രകൃതി ദുരന്തങ്ങളും അടക്കമുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാനാവശ്യമായ പരിശീലനം നല്‍കി വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഉള്‍ക്കൊള്ളിച്ച് ഗ്രീന്‍ ഫോഴ്‌സ് രൂപീകരിക്കും. 
 
റോഡ് കണക്ടിവിറ്റി മാപ്പ്, ഊര്‍ജസ്വയംപര്യാപ്തത
 
ജില്ലാ പഞ്ചായത്ത് റോഡുകളെ ബന്ധപ്പെടുത്തി ജിയോഗ്രാഫി ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലൂടെ റോഡ് കണക്ടിവിറ്റി മാപ്പ് പ്രസിദ്ധീകരിക്കും. ജില്ലാ പഞ്ചായത്ത് ഘടകസ്ഥാപനങ്ങളില്‍ സോളാര്‍ ഗ്രിഡുകള്‍ സ്ഥാപിച്ച് സമ്പൂര്‍ണ്ണ ഊര്‍ജസ്വയംപര്യാപ്തത കൈവരിക്കുന്നതോടൊപ്പം ഊര്‍ജ സംഭരണം നടത്തി വൈദ്യുതവകുപ്പിന് കൈമാറും. ഊര്‍ജ്ജ സ്വയം പരാപ്ത കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തായി കണ്ണൂര്‍ മാറുകയും ചെയ്യും. 
 
ജില്ലാ പഞ്ചായത്തിന് 2019-20 വര്‍ഷത്തില്‍ 5,94,11,500 രൂപ നികുതിയേതര വരുമാനമായി പ്രതീക്ഷിക്കുന്നു. 9,80,46,000 രൂപയാണ് പ്രാരംഭ ബാക്കി. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും ലഭിക്കുന്ന 1,18,28,21,000 രൂപയുടെ ഗ്രാന്റ് ഇന്‍ എയ്ഡും കോണ്‍ട്രിബ്യൂഷനുകളും ചേര്‍ത്ത് ആകെ 1,28,08,67,000 രൂപ 2019-2020 വര്‍ഷത്തില്‍ വരവായി പ്രതീക്ഷിക്കുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഹോണറേറിയം, വിവിധ അലവന്‍സുകള്‍, ജീവനക്കാരുടെ ശമ്പളം, ഓഫീസ് നിര്‍വ്വഹണ ചെലവുകള്‍ തുടണ്ടി വിവിധ പദ്ധതിയേതര ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ 3,71,05,000 രൂപ വകയിരുത്തുന്നു. 2019-20 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആകെ 4,40,00,000 രൂപ തനത് ഫണ്ടായി വകയിരുത്തുന്നു. വിവിധ ഗ്രാന്റ് ഇന്‍ എയ്ഡുകളായ 1,12,25,21,000 രൂപയും ചേര്‍ത്ത് 2019-20 വര്‍ഷത്തില്‍ ആകെ 1,20,36,26,000 രൂപ ചെലവിനത്തില്‍ കണക്കാക്കുന്നു.