Monday 22nd of July 2019

തളിപ്പറമ്പ് മണ്ഡലത്തില്‍ നിര്‍മിക്കുന്നത് 500 കോടിയുടെ റോഡുകള്‍

Category: Kannur Published: Saturday, 12 January 2019

 

 
തളിപ്പറമ്പ്-ഇരിട്ടി റോഡ് വികസന പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു

 

 
കണ്ണൂര്‍: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ 283 കോടി രൂപയുടെ എട്ട് റോഡുകള്‍ ഉള്‍പ്പെടെ 500 കോടിയുടെ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നടന്നുവരുന്നതെന്ന് മന്ത്രി ജി സുധാകരന്‍. ദേശീയപാതമലയോര പാത വികസനത്തിനു വേണ്ടി ചെലവഴിക്കുന്ന തുകയ്ക്കു പുറമെയാണിത്.തളിപ്പറമ്പ-ഇരിട്ടിറോഡിന്റെയും മെയിന്‍ റോഡിന്റെയും മെക്കാഡം ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 
 
ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ടെങ്കിലും അതിന് അനുസരിച്ചുള്ള പ്രതികരണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കാസര്‍ക്കോട്ട് നിന്ന് ആരംഭിക്കുന്ന ആദ്യ രണ്ടു റീച്ചിന്റെ ടെണ്ടര്‍ നടപടികള്‍ ഒന്നേകാല്‍ വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. ജനുവരിയില്‍ കരാര്‍ നല്‍കാമെന്നാണ് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി ഇപ്പോള്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. വൈകിയാണെങ്കിലും ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തന്നെ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നാലുവരിപ്പാതയാക്കുന്നതിനു മുന്നോടിയായുള്ള റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍, ഫ്‌ളൈ ഓവറുകള്‍, ബൈപ്പാസുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. 
 
റോഡ് വികസനത്തിനു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ചിലര്‍ക്ക് പ്രയാസം സൃഷ്ടിക്കുക സ്വാഭാവികമാണെങ്കിലും അത് പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനിവാര്യഘട്ടങ്ങളില്‍ മാത്രമേ വയലുകളും വീടുകള്‍ കൂടുതലുള്ള സ്ഥലങ്ങളും റോഡിനായി ഏറ്റെടുക്കുന്നുള്ളൂ. ഭൂമിയും വീടും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാര പാക്കേജാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു കിലോമീറ്ററിന് ശരാശരി 50 കോടി രൂപ ചെലവിലാണ് 620 കിലോമീറ്റര്‍ ദേശീയപാതാ വികസനം സാധ്യമാവുകയെന്നും മന്ത്രി പറഞ്ഞു. 
 
ദേശീയപാതയില്‍ ടോള്‍ പിരിവ് വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കാഴ്ചപ്പാട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ 22 ടോളുകളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്റെ കീഴിലുള്ള പത്തോളം ടോളുകള്‍ നിര്‍ത്തലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ മാസം ഉദ്ഘാടനം ചെയ്യുന്ന ആലപ്പുഴ-കൊല്ലം-ബൈപ്പാസ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 375 കോടി രൂപ വീതം ചെലവഴിച്ചാണ് നിര്‍മിച്ചത്. ഈ റോഡില്‍ ടോള്‍ പിരിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ടോള്‍ സ്ഥാപിക്കാനുള്ള നടപടികളുമായാണ് കേന്ദ്രം മുന്നോട്ടുപോവുന്നത്. ഇത് നാണക്കേടാണെന്നും നീക്കം ഉപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ കിഫ്ബി വഴി 43000 കോടി രൂപയുടെ 750ഓളം വന്‍ വികസന പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇതില്‍ 26000 കോടി പൊതമരാമത്ത് വകുപ്പിനു കീഴിലെ പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു. 
 
ചൊറുക്കള-കൊളോളം എയര്‍പോര്‍ട്ട് ലിങ്ക് റോഡ് (42 കോടി),  തളിപറമ്പ്-പട്ടുവം-ചെറുകുന്ന് റോഡ് (20 കോടി), കുപ്പം-പാണപ്പുഴ-കണാരംവയല്‍ റോഡ് (57.6 കോടി), മയ്യില്‍-കാഞ്ഞിരോട് റോഡ് (24.6 കോടി), തളിപ്പറമ്പ്-കുറ്റിയേരി-കാട്ടാമ്പള്ളി കടവ് -തടിക്കടവ് റോഡ് (68 കോടി), മലപ്പട്ടം പറമ്പ്-പാവന്നൂര്‍ മൊട്ട റോഡ് (30.7 കോടി), അമ്മാനപ്പാറ-ചപ്പാരപ്പടവ് റോഡ് (20 കോടി), ഇ.ടി.സി-പൂമംഗലം-മടക്കാട് റോഡ് (20 കോടി) എന്നിവയാണ് തളിപ്പറമ്പ് മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡുകള്‍. ഇതിനു പുറമെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ വിവിധ റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 
 
തളിപ്പറമ്പ-ഇരിട്ടി റോഡിലെ ചിറവക്ക് മുതലുള്ള 375 മീറ്റര്‍ ഭാഗം ഏഴ് മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗ് ചെയ്യുന്നതോടൊപ്പം 12 മീറ്ററാക്കി വികസിപ്പിക്കുന്നതിന് 1.83 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. റോഡിന് ഇരു ഭാഗത്തും ഓവുചാല്‍ പുതുക്കിപ്പണിയുകയും നടപ്പാതയും കൈവരിയും നിര്‍മിക്കുകയും ചെയ്യും.  98 ലക്ഷം രൂപ ചെലവിലാണ് മൂത്തേടത്ത് ഹൈസ്‌കൂള്‍ മുതല്‍ കപ്പാലം വരെയുള്ള തളിപ്പറമ്പ് മെയിന്‍ റോഡ് മെക്കാഡം ടാറിംഗ് നടത്തി വികസിപ്പിക്കുന്നത്. 
 
ഒരു പ്രതിഫലവും വാങ്ങാതെ റോഡ് വികസനത്തിനായി ഭൂമി വിട്ടുനല്‍കാനും കെട്ടിടങ്ങളും മതിലുകളും പൊളിച്ചുമാറ്റാനുമുള്ള സുമനസ്സുകളുടെ സന്നദ്ധതയാണ് ചിറവക്ക് മുതല്‍ കപ്പാലം വരെയുള്ള റോഡ് വികസനത്തിന് സാഹചര്യമൊരുക്കിയതെന്നും അവരെ അഭിനന്ദിക്കുന്നതായും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജെയിംസ് മാത്യു എം എല്‍ എ പറഞ്ഞു. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന  ചടങ്ങില്‍ പി കെ ശ്രീമതി ടീച്ചര്‍ എംപി, മുനിസിപ്പല്‍ അധ്യക്ഷന്‍മാരായ അള്ളാംകുളം മഹ്മൂദ് (തളിപ്പറമ്പ്), പി കെ ശ്യാമള ടീച്ചര്‍ (ആന്തൂര്‍), പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ വി നാരായണന്‍ (കുറുമാത്തൂര്‍), എ രാജേഷ് (പരിയാരം), മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വല്‍സല പ്രഭാകരന്‍, മറ്റു ജനപ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പിഡബ്ല്യുഡി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് എഞ്ചിനീയര്‍ എം എന്‍ ജീവരാജ് സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാ കുമാരി നന്ദിയും പറഞ്ഞു. 
 
തളിപ്പറമ്പ-ഇരിട്ടി