Saturday 23rd of March 2019

പോളിടെക്‌നിക്കുകളില്‍ പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും

Category: Kannur Published: Friday, 11 January 2019
കണ്ണൂര്‍: സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളില്‍ പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ പുതിയ മുഖ്യപ്രവേശന കവാടത്തിന്റെയും ഡ്രോയിംഗ് ഹാള്‍ ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
 
സംസ്ഥാനത്തെ 39 സര്‍ക്കാര്‍ കോളജുകളിലായി 141 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 1100 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനാണ് ആലോചിക്കുന്നത്. അധ്യാപകര്‍ ഇല്ലാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കാനാവില്ല. കേരളത്തെ എജുക്കേഷനല്‍ ഹബ് ആക്കി വികസിപ്പിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോവുന്നത് തടയുകയെന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇതര സംസ്ഥാനത്തെയും വിദേശത്തെയും വിദ്യാര്‍ഥികള്‍ ഉണ്ടാവണമെന്ന നിര്‍ബന്ധ ബുദ്ധിയും സര്‍ക്കാറിനുണ്ട്. കേരളത്തിലെ വിദ്യാര്‍ഥികളുടെ സീറ്റ് നഷ്ടപ്പെടാതെ അധിക സീറ്റുകള്‍ അനുവദിച്ചാവും ഇത് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.
 
കേരളത്തിലെ എല്ലാ കലാലയങ്ങളിലും സ്വന്തം സ്വത്വം വെളിപ്പെടുത്താതെ പഠിക്കാനുള്ള അന്തരീക്ഷം നിലനില്‍ക്കുന്നതായി മന്ത്രി പറഞ്ഞു. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ മതനിരപേക്ഷതയുടെ പ്രഭവ കേന്ദ്രങ്ങള്‍ കൂടിയാണ്. ക്ലാസ്മുറികളില്‍ മൊട്ടിടുന്ന സൗഹൃദമാണ് കേരളത്തിന്റെ ഏറ്റവും വലിയ മഹത്വം. മതാന്ധതയുടെ ശക്തികള്‍ രാജ്യത്ത് ശക്തിപ്പെടുമ്പോഴും കേരളത്തില്‍ അതിന് കഴിയാത്തതിന് കാരണം ഇതാണ്. പൊതുവിദ്യാലയങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
 
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രിയുടെ എം.എല്‍.എ ഫണ്ടില്‍നിന്ന് 13 ലക്ഷം രൂപ ചെലവിട്ടാണ് മുഖ്യപ്രവേശന കവാടം നിര്‍മ്മിച്ചത്. ഒരു കോടി രൂപയുടെ ബജറ്റ് വിഹിതം ഉപയോഗിച്ചാണ് രണ്ട് ഡ്രോയിംഗ് ഹാള്‍ ഉള്‍പ്പെട്ട ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കൗണ്‍സിലര്‍മാരായ പി.കെ. പ്രീത, എ.പി. അജിത, കണ്ണൂര്‍ നിയമസഭാ മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍. ചന്ദ്രന്‍, ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ എം.എ ബാലകൃഷ്ണന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് പി.ഒ രാധാകൃഷ്ണന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സി. ഹരീന്ദ്രന്‍, ഇലക്‌ട്രോണിക്‌സ് വകുപ്പ് മേധാവി എം. അനീഷ്, സ്റ്റുഡന്റ് യൂനിയന്‍ ചെയര്‍മാന്‍ വി. രാഹുല്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ബീന സ്വാഗതവും പ്രിന്‍സിപ്പല്‍ എം.സി. പ്രകാശന്‍ നന്ദിയും പറഞ്ഞു.