Thursday 23rd of May 2019

വിഷമുക്ത പച്ചക്കറി ഉല്‍പാദനം:കുടുംബശ്രീക്ക് സാധ്യതകളേറെയെന്ന് മന്ത്രി കെ സി ജോസഫ്

Category: Kannur Published: Thursday, 13 August 2015
കണ്ണൂര്‍: കേരളത്തിന് ആവശ്യമായ മുഴുവന്‍ പച്ചക്കറികളും സ്വന്തമായി ഉല്‍പാദിപ്പിക്കാന്‍ നമുക്ക് കഴിയണമെന്നും ഇതിന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും ഗ്രാമവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു.
 
അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഭക്ഷ്യ വസ്തുക്കളില്‍ അടങ്ങിയ വിഷാംശം സമീപകാലത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കാന്‍ എളുപ്പത്തില്‍ കഴിയുക കുടുംബശ്രീ യൂണിറ്റുകള്‍ക്കാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  
പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 17ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
 
 
ലോകത്തിന് തന്നെ മാതൃകയായിട്ടുള്ളതാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.  ഇത്രയും അധികം സ്ത്രീകള്‍ ഒത്തുകൂടുന്ന ഒരു കൂട്ടായ്മ ലോകത്തെവിടെയും കാണാന്‍ കഴിയില്ല. കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ നിരവധി വിദേശരാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ജോസ് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. സ്‌നേഹനിധിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എസ് പി കുഞ്ഞമ്മദ് നിര്‍വഹിച്ചു.   മികച്ച ജെ എല്‍ ജെ അംഗങ്ങള്‍ക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ വി ഫിലോമിനയും ജൈവ കൃഷി അംഗങ്ങള്‍ക്കുള്ള ആദരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈലജ നാരായണനും ധനകാര്യസ്ഥാപനത്തിനുള്ള ആദരം അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ ഒ സ്വപ്‌നയും നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീബ ദാമോദരന്‍ സ്വാഗതം പറഞ്ഞു. സുമതി സോമരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സംസാരിച്ചു. തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.