Sunday 18th of November 2018

കടമ്പൂര്‍ ഇനി പാലിയേറ്റീവ് സൗഹൃദ പഞ്ചായത്ത്

Category: Kannur Published: Tuesday, 16 October 2018
 
കണ്ണൂര്‍:  ധര്‍മ്മടം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന മാതൃകാപദ്ധതിയായ സ്പര്‍ശത്തിലൂടെ പാലിയേറ്റീവ് സൗഹൃദ പഞ്ചായത്തായി കടമ്പൂര്‍ മാറുന്നു.  കിടപ്പിലായ നിര്‍ധനരായ രോഗികള്‍ക്ക് പോഷകാഹാരത്തോടൊപ്പം പാലിയേറ്റീവ് കെയറും മാനസിക പിന്തുണയും നല്‍കുന്ന പദ്ധതിയാണിത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് പഞ്ചായത്തില്‍ പദ്ധതി ആരംഭിച്ചത്. 16 ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിക്കായി ചെലവഴിക്കുന്നത്. 10 ലക്ഷം രൂപയോളം പോഷകാഹാരത്തിനും, മരുന്ന് വാങ്ങുന്നതിനും, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും മറ്റുമായാണ് ചിലവഴിക്കുന്നത്. ബെഡ് പാന്‍, വീല്‍ച്ചെയര്‍, എയര്‍ ബെഡ്, വാക്കര്‍, വാക്കിംഗ് സ്റ്റിക്ക്, തുടങ്ങി 6 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് പഞ്ചായത്ത് നല്‍കുന്നത്.
 
പഞ്ചായത്തില്‍ 213 കിടപ്പുരോഗികള്‍ നിലവിലുണ്ട്. ഇതില്‍ നിന്നും തീര്‍ത്തും നിസ്സഹായരായവരായ 32 പേര്‍ക്കാണ് പോഷകാഹാര കിറ്റും പരിചരണവും നല്‍കുന്നത്. ഒരാള്‍ക്ക് മാസത്തില്‍ 1000 രൂപയുടെ പോഷകാഹാര കിറ്റ് നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് കിറ്റില്‍ ചെറുപയര്‍, കടല, ഓട്‌സ്, തവിടെണ്ണ, മുത്താറി, അവില്‍, നുറുക്ക് ഗോതമ്പ്, മില്‍ക്ക് പൗഡര്‍, തുടങ്ങിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സപ്ലൈകോ വഴിയാണ് സാധനങ്ങള്‍ വാങ്ങുന്നത്. ഇതിടൊപ്പം സെക്കന്ററി ഹോം കെയറായ ഫിസിയോതെറാപ്പിയും ആവശ്യമുള്ളവര്‍ക്ക് നല്‍കുന്നുണ്ട്. ഫിസിയോതെറാപ്പി ചെയ്യുന്ന 11 പേരാണ് പഞ്ചായത്തിലുള്ളത്. മാസത്തില്‍ 16 ദിവസം ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഓരോരുത്തരെയും സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീഷ് പറഞ്ഞു. 
 
സാമ്പത്തികശേഷി, പോഷകാഹാരം എന്നിവ കണക്കിലെടുത്ത് അര്‍ഹരായവരെ തിരഞ്ഞെടുത്താണ് പദ്ധതിയിലുള്‍പ്പെടുത്തിയത്. കടമ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ നേരിട്ട് പരിശോധന നടത്തിയാണ് അര്‍ഹരെ തിരഞ്ഞെടുത്തത്. ഇതിനായി 62 വീടുകളില്‍ നേരിട്ട് ചെന്ന് ട്രീറ്റ്‌മെന്റ് റെക്കോര്‍ഡുകള്‍ പരിശോധിക്കുകയും ചെയ്തു. യുവകഥാകൃത്തായിരുന്ന അഷറഫ് ആഡൂരിന് പോഷകാഹാര കിറ്റ് നല്‍കി കൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.