Sunday 18th of November 2018

സ്ഥലം വിറ്റു കിട്ടിയതില്‍ നിന്നും അരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

Category: Kannur Published: Friday, 14 September 2018
കണ്ണൂര്‍  : സ്വന്തം ഭൂമി വിറ്റുകിട്ടിയ തുകയില്‍ നിന്നും 50,000 രൂപ പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആലക്കോട് നരിയമ്പാറ സ്വദേശിനി സി എം അമ്മിണി. ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിഭവസമാഹരണ പരിപാടിയില്‍ ആരോഗ്യ മന്ത്രി  കെ കെ ശൈലജ ടീച്ചര്‍ക്കാണ് അമ്മിണി പണം കൈമാറിയത്. 
 
ഏഴുവര്‍ഷം മുന്‍പാണ് അമ്മിണി സ്ഥലം വിറ്റത്. അന്ന് കിട്ടിയ തുക ട്രഷറിയില്‍ നിക്ഷേപിക്കുകയായിരുന്നു. ഈ നിക്ഷേപത്തില്‍ നിന്നാണ് ദുരിതാശ്വാസനിധിയിലേക്ക് അവര്‍ പണം നല്‍കിയത്. പൈസ കൊടുക്കാന്‍ തോന്നി, കൊടുത്തു എന്നു മാത്രമാണ് ഇതേക്കുറിച്ച് അമ്മിണി പറയുന്നത്. ട്രഷറിയില്‍ നിന്നും പലിശയിനത്തില്‍ ഓരോ മാസവും ലഭിക്കുന്ന തുക കൊണ്ടാണ് 76 കാരിയായ അമ്മിണിയുടെ ജീവിതം. മറ്റു സമ്പാദ്യങ്ങളോ ജോലിയോ വരുമാന മാര്‍ഗങ്ങളോ ഇല്ല. ഭര്‍ത്താവോ കുട്ടികളോ ഇല്ലാതെ ഒറ്റക്കാണ് ഇവരുടെ ജീവിതം. തൃപ്പൂണിത്തുറ സ്വദേശിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ആലക്കോട് എത്തുന്നത്. 1998 വരെ ആലക്കോട് ക്ഷീര സഹകരണ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു.