Saturday 18th of August 2018

മലയോര ജനതക്ക് കലക്ടറേറ്റ് ജീവനക്കാരുടെ സഹായഹസ്തം

Category: Kannur Published: Friday, 10 August 2018
കണ്ണൂര്‍: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജില്ലയിലെ മലയോര ജനതക്ക് കലക്ടറേറ്റ് ജീവനക്കാരുടെ സഹായഹസ്തം. കലക്ടറേറ്റിലെ ഓണാഘോഷ പരിപാടിക്കായി ജീവനക്കാരില്‍നിന്ന് കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സ്വരൂപിച്ച തുക മലയോര മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയായിരുന്നു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന്‍ തുക ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയെ ഏല്‍പ്പിച്ചു. 85,000 രൂപയാണ് കൈമാറിയത്. 
     കലക്ടറേറ്റിലെ ഈ വര്‍ഷത്തെ ഓണാഘോഷം ഒഴിവാക്കാന്‍ തീരുമാനിച്ചതായും സ്റ്റാഫ് കൗണ്‍സില്‍ അറിയിച്ചു. ഈ തുക ജില്ലയിലെ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ജുനൈദ്, പി പി സന്തോഷ് കുമാര്‍, ബി ജി ധനഞ്ജയന്‍, പി അബ്ദുള്ള എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.