Monday 22nd of April 2019

രണ്ടുവര്‍ഷത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം

Category: Kannur Published: Monday, 22 January 2018
കണ്ണൂര്‍: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 50,000ത്തിലേറെ പേര്‍ക്ക് പട്ടയം വിതരണം ചെയ്തതായും അടുത്ത രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്തെ ഭൂമി കൈവശം വയ്ക്കുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ കേരളപ്പിറവിക്കു ശേഷമുള്ള ആദ്യ സര്‍ക്കാര്‍ തൊട്ടേ തുടങ്ങിയെങ്കിലും സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് ഇനിയും പട്ടയം നല്‍കാന്‍ സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്. ഭൂമി കൈവശം വയ്ക്കുകയും എന്നാല്‍ നിയമപരമായ രേഖകളില്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം ലാന്റ് ട്രൈബ്യൂണലുകളില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 19,000 കേസുകള്‍ നിലവിലുണ്ട്. ഇവയുള്‍പ്പെടെ എത്രയും വേഗം പരിഹരിച്ച് ഭൂമികൈവശമുള്ള അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള ശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
പട്ടയക്കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിന് ലാന്റ് ട്രൈബ്യൂണലിന്റെ ചുമതല കൂടുതല്‍ തഹസില്‍ദാര്‍മാര്‍ക്ക് നല്‍കണമെന്നു കാണിച്ച് ജില്ലാ ഭരണകൂടം മുന്നോട്ടുവച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുവഴി ഈ വര്‍ഷം 12000 പട്ടയക്കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാമെന്നാണ് ജില്ലാഭരണകൂടം കരുതുന്നത്. എന്നാല്‍ മുഴുവന്‍ ലാന്റ് ട്രൈബ്യൂണല്‍ കേസുകളും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. 
82 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയുള്ള ഏക സംസ്ഥാനമാണ് കേരളം. അതേസമയം അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നവര്‍ ചെറിയ ശതമാനമാണെങ്കിലും കേരളത്തിലുണ്ട്. അവരെ കണ്ടെത്തി ആ ഭൂമി  തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. 
ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മേയര്‍ ഇ പി ലത, കെ കെ രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എ.ഡി.എം ഇ മുഹമ്മദ് യൂസുഫ്,  ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) സി.എം ഗോപിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
ലാന്റ് ട്രൈബ്യൂണല്‍ 624, മിച്ചഭൂമി 48, ഭൂരഹിതരില്ലാത്ത കേരളം പദ്ധതി 24, ലക്ഷം വീട്  39, ഭൂദാനം37 എന്നിങ്ങനെ 772 പട്ടയങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. കഴിഞ്ഞ മെയില്‍ നടന്ന പട്ടയ മേളയില്‍ 196 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തിരുന്നു. 
ജില്ലയിലെ മികച്ച പ്രകടനം കാഴ്ച വച്ച വില്ലേജ് ഓഫീസര്‍മാരായ രാജേഷ് വി (തലശ്ശേരി), സുനില്‍കുമാര്‍ സി (തൃപ്പങ്ങോട്ടൂര്‍), ജയരാജ് കെ (എളയാവൂര്‍), ബിന്ദു കെ.കെ (എടക്കാട്), സുജിത്ത് കുമാര്‍ കെ (തില്ലങ്കേരി), അനൂപ് എന്‍ (പഴശ്ശി), രാജന്‍ ടി.വി (തിരുമേനി), കമലാക്ഷന്‍ വി (കുറ്റൂര്‍) എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. 
മുഴുവന്‍ കൈവശഭൂമിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുകയും ഓണ്‍ലൈന്‍ പോക്കുവരവ് സംബന്ധിച്ച മുഴുവന്‍ അപേക്ഷകളിലും സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്ത ജില്ലയിലെ ആദ്യ വില്ലേജ് ഓഫീസായ പയ്യാവൂരിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എം.എസ് വിനീതിനും മന്ത്രി ഉപഹാരം നല്‍കി. കൂടാതെ ഭൂസര്‍വേയുമായി ബന്ധപ്പെട്ട ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി മികച്ച സേവനം കാഴ്ചവച്ച സര്‍വെയര്‍മാരായ ഷിജില്‍ ടി.വി (കല്യാട് സ്‌പെഷ്യല്‍ സര്‍വേ), വിജയകുമാര്‍ എം (എല്‍.എ എയര്‍പോര്‍ട്ട്, മട്ടന്നൂര്‍1), മധു ടി (തലശ്ശേരി താലൂക്ക് സര്‍വെയര്‍), മുഹമ്മദ് ശരീഫ് ടി.പി (ഇരിട്ടി താലൂക്ക് ഹെഡ് സര്‍വെയര്‍) എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് പയ്യന്നൂര്‍ സ്‌പോര്‍ട്‌സ് ആന്റ്കള്‍ച്ചറല്‍ അസോസിയേഷന്‍ നല്‍കിയ 25000 രൂപ സുനില്‍കുമാര്‍ റവന്യൂ മന്ത്രിക്ക് കൈമാറി.